കെ.എ.എസിനോട് അത്ര താൽപര്യം പോരാ...
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലേക്കുള്ള രണ്ടാം വിജ്ഞാപനത്തോട് ഉത്സാഹം കാണിക്കാതെ ഉദ്യോഗാർഥികൾ. ആദ്യ വിജ്ഞാപനത്തിനുണ്ടായിരുന്നതിന്റെ പകുതിപേര് പോലും ഇത്തവണ അപേക്ഷിച്ചില്ല. ആദ്യ വിജ്ഞാപനത്തിൽ മൂന്ന് സ്ട്രീമുകളിലായി 5,77,444 പേര് അപേക്ഷിച്ചപ്പോൾ ഇത്തവണ 2,27,661 പേർ മാത്രം. 3,49,783 അപേക്ഷകരുടെ കുറവ്. പ്രാഥമിക പരീക്ഷക്കുള്ള കൺഫർമേഷൻ ഏപ്രിൽ 30 വരെ നൽകാം. ഇതുംകൂടി കഴിയുമ്പോൾ അപേക്ഷകരുടെ എണ്ണത്തിൽ ഇനിയും കുറവുണ്ടാകാമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.
നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നില്‍ കഴിഞ്ഞ തവണ 5,47,543 അപേക്ഷകള്‍ ലഭിച്ചപ്പോൾ ഇത്തവണ 2,15,942 അപേക്ഷകളാണ് ലഭിച്ചത്. ഈ സ്ട്രീമില്‍ മാത്രം 3,31,601 അപേക്ഷകരുടെ കുറവുണ്ടായി. ഗസറ്റഡ് അല്ലാത്ത മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ട്രീം രണ്ടില്‍ ഇത്തവണ 10,724 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞ തവണ 26,950 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാം സ്ട്രീമില്‍ 995 അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചത്. ഇതിന്റെ ആദ്യ വിജ്ഞാപനത്തിന് 2951 അപേക്ഷകളുണ്ടായിരുന്നതാണ്. പരീക്ഷയിലെ കാഠിന്യവും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലെ കുറവും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജൂണ്‍ 14നാണ് പ്രാഥമിക പരീക്ഷ. പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളായി നടത്തും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യപരീക്ഷ വിവരണാത്മകരീതിയിലാണ്. ഇതിന് 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷക്ക് നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം 50 മാര്‍ക്കിനാണ്. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയാറാക്കുന്നത്. മുഖ്യപരീക്ഷക്കുള്ള അര്‍ഹത നിര്‍ണയിക്കാന്‍ മാത്രമേ പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുകയുള്ളൂ.
പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നഡ പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാം. കൺഫർമേഷൻ നൽകുന്ന സമയത്ത് തന്നെ ചോദ്യപേപ്പറിന്റെ മാധ്യമവും തെരഞ്ഞെടുക്കേണ്ടതാണ്. നിലവില്‍ കെ.എ.എസില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷന് റിസര്‍വിലേക്ക് മാറ്റിക്കൊണ്ടുള്ള 31 ഒഴിവുകളിലേക്കാണ് പരീക്ഷ. അതനുസരിച്ച് ഒന്നാം കാറ്റഗറിയില്‍ 11 പേര്‍ക്കും മറ്റ് രണ്ട് കാറ്റഗറികളില്‍നിന്ന് 10 പേര്‍ക്ക് വീതവും നിയമനം ലഭിക്കും. 2027 ഫെബ്രുവരി 15 വരെ കെ.എ.എസില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും ഇതിൽനിന്നായിരിക്കും നിയമനം.