പെട്ടിക്കട പൊളിച്ചുനീക്കാൻ നോട്ടീസ്; വയോധികൻ തൂങ്ങിമരിച്ചനിലയിൽ
text_fieldsവൈക്കം: വൈക്കം ബോട്ട് ജെട്ടിക്ക് സമീപം പെട്ടിക്കട (ബങ്ക്) നടത്തുന്നയാളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തത്തിങ്കൽ പുത്തൻതറയിൽ പി.പി. അശോകനെയാണ് (62) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരസഭയുടെ താൽക്കാലിക ലൈസൻസിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട വീതികൂട്ടി പണിതതുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കണമെന്ന് കാണിച്ച് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
പെട്ടിക്കടയുടെ വൈദ്യുതി കണക്ഷനും അധികൃതർ വിച്ഛേദിച്ചിരുന്നു. തുടർന്ന് ഏതാനും ദിവസമായി അശോകൻ കട തുറന്നിരുന്നില്ല. ഇതിന്‍റെ മനോവിഷമംമൂലമാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം അനുമതിയില്ലാതെ എടുത്ത വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയായിരുന്നുവെന്നും ബങ്കിന് സമീപം വീതിയും നീളവും കൂട്ടി കഴിഞ്ഞ ദിവസം നിർമിച്ച ഭാഗം മാത്രം പൊളിച്ചുനീക്കാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് നഗരസഭ അധികൃതരുടെ ഭാഷ്യം.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: പരേതയായ ബേബി. മക്കൾ: അഖിൽ, അരുൺ.