ഇനി ഞാനൊന്ന് തലയുയർത്തി നിൽക്കട്ടെ, ബലാത്സംഗ പരാതി വ്യാജം; ഏഴുവർഷങ്ങൾക്കിപ്പുറം കുറ്റവിമുക്തനായി അധ്യാപകൻ
text_fieldsജോമോൻ സി. ദേവസ്യ
കോട്ടയം: ‘‘കോടതിയിൽനിന്ന് ജാമ്യം കിട്ടി വീട്ടിലേക്ക് മടങ്ങിയത് ജീവിക്കാനുള്ള മനസ്സോടെ ആയിരുന്നില്ല. എന്നാൽ, കുട്ടികളുടെ മുഖം കണ്ടപ്പോൾ ഒന്നിനും കഴിഞ്ഞില്ല. കഴിഞ്ഞ ഏഴുവർഷം അവർക്കുവേണ്ടി മരിച്ചുജീവിക്കുകയായിരുന്നു...’’ -പറയുന്നത് ബലാത്സംഗ പരാതി വ്യാജമെന്ന് പരാതിക്കാരി സമ്മതിച്ചതിനെത്തുടർന്ന് കോടതി വെറുതെവിട്ട നഴ്സിങ് അധ്യാപകൻ.
ജീവിതത്തിലെ ഇരുണ്ട ദിനങ്ങൾ കടന്നുപോയെങ്കിലും ഒന്നും തിരിച്ചുകിട്ടിയിട്ടില്ല ഈ മനുഷ്യന്. ആയുസ്സിലെ ഏഴു വർഷങ്ങൾ. സമൂഹത്തിന് മുന്നിൽ അനുഭവിച്ച അപമാനം, അവഹേളനം, നിസ്സഹായത, ജയിൽവാസം. ഒന്നും ചെറുതായിരുന്നില്ല. വൈകിയാണെങ്കിലും സത്യം വിളിച്ചുപറയാൻ തയാറായ പെൺകുട്ടിയോട് നന്ദി പറയുകയാണ് കടുത്തുരുത്തി ആയാംകുടി സ്വദേശിയായ ജോമോൻ സി. ദേവസ്യ. 18 വർഷം മഹാരാഷ്ട്രയിൽ നഴ്സായിരുന്ന ജോമോൻ നാട്ടിലെത്തി പാർട്ണർഷിപ്പിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്നു. പാർട്ണർഷിപ് പിരിഞ്ഞ് 2015ൽ വേറെ സ്ഥാപനം തുടങ്ങി.
ആദ്യബാച്ചിലെ വിദ്യാർഥിനിയായ 21കാരിയാണ് അധ്യാപകനായ ജോമോനെതിരെ 2017 ഡിസംബറിൽ പരാതി നൽകിയത്. ഭാര്യക്കും ആറുവയസ്സും മൂന്നുമാസവും പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങൾക്കും മുന്നിൽനിന്നാണ് കടുത്തുരുത്തി പൊലീസ് ജോമോനെ കൊണ്ടുപോയത്. രാത്രി പറഞ്ഞുവിട്ടു.
മൂന്നാംദിവസം സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് വീണ്ടും വിളിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഒരുമാസം ജയിലിൽ. ജാമ്യംകിട്ടി പുറത്തിറങ്ങിയെങ്കിലും മനുഷ്യരുടെ മുഖത്തുനോക്കാൻ കഴിയില്ലായിരുന്നു. നാട്ടുകാർ കണ്ടാൽ മാറിപ്പോവാൻ തുടങ്ങി.
കൊലപാതകമോ പിടിച്ചുപറിയോ ആയിരുന്നെങ്കിൽപോലും ഇത്ര അപമാനമില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു ജോമോൻ. സ്ഥാപനം പൂട്ടിയതോടെ ജീവിക്കാൻ വേറെ വഴിയില്ലാതായി. ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30നും 11.30നും ഇടയിൽ ഒന്നരാടം ഒപ്പിടണം. അതുകാരണം ജോലിക്ക് പോകാനുമാവില്ല. ഭാര്യക്ക് ജോലിയില്ല. രണ്ടുമക്കൾ, കഷ്ടപ്പാടിന്റെ ദിനങ്ങൾ... ഒടുവിൽ കൃഷിയിലേക്ക് തിരിഞ്ഞു.
ആൺസുഹൃത്ത് വെള്ളക്കടലാസിൽ ഒപ്പിടുവിച്ചെന്ന് പെൺകുട്ടി
വാട്സ്ആപ് ഗ്രൂപ്പിൽ പഴയ സഹപാഠികളോടാണ് പരാതിക്കാരി തനിക്ക് അധ്യാപകനോട് നേരിട്ട് സംസാരിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ, ജോമോൻ തയാറായില്ല. ഇക്കഴിഞ്ഞ ജനുവരി 31ന് വിദ്യാർഥിനി കോടതിയിലെത്തി അധ്യാപകൻ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകി.
ഒടുവിൽ മാർച്ച് 13ന് ജോമോൻ കുറ്റക്കാരനല്ലെന്ന ഉത്തരവ് വന്നു. 23ന് ഭർത്താവുമൊത്ത് മധുരവേലിയിലെ പള്ളിയിൽവന്ന് പരസ്യമായി ക്ഷമ ചോദിക്കുകയുംചെയ്തു. വിദ്യാർഥിനികളുമായി മഹാരാഷ്ട്രയിലേക്ക് യാത്ര പോയപ്പോൾ മംഗള എക്സ്പ്രസിലെ ശൗചാലയത്തിൽവെച്ചും സ്ഥാപനത്തിൽവെച്ചും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ആൺസുഹൃത്ത് നിർബന്ധിപ്പിച്ച് വെള്ളക്കടലാസിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ കോടതിയിൽ വന്നപ്പോഴാണ് അറിഞ്ഞതെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.