Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ഗണേഷ് കുമാറിനെ...

മന്ത്രി ഗണേഷ് കുമാറിനെ എൻ.എസ്.എസും കൈയൊഴിയുന്നു

text_fields
bookmark_border
മന്ത്രി ഗണേഷ് കുമാറിനെ എൻ.എസ്.എസും കൈയൊഴിയുന്നു
cancel
camera_alt

കെ.ബി. ഗണേഷ് കുമാർ

കൊല്ലം: അപഥസഞ്ചാര ആരോപണത്തിന് പിന്നാലെ അഴിമതി ആരോപണവും ഉയർന്നതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നായർ സർവിസ് സൊസൈറ്റിയും കൈയൊഴിയുന്നു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഗണേഷ് കുമാർ പ്രസിഡന്‍റായ പത്തനാപുരം താലൂക്ക് യൂനിയൻ പിരിച്ചുവിട്ടത് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അദ്ദേഹത്തിന് രാഷ്ട്രീയമായും കനത്ത തിരിച്ചടിയാകും. പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ കാലം മുതൽ ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും പിള്ളക്കും ഗണേഷിനുമൊപ്പമാണ് എൻ.എസ്.എസ് നിലകൊണ്ടത്.

കാൽനൂറ്റാണ്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച പി.കെ. നാരായണപണിക്കരും പിന്നീട് സെക്രട്ടറിയായ ജി. സുകുമാരൻ നായരും നേതൃത്വം വഹിച്ചപ്പോഴൊക്കെ ബാലകൃഷ്ണപിള്ളയും പിന്നീട് ഗണേഷ് കുമാറും ഡയറക്ടർ ബോർഡിലും പത്തനാപുരം താലൂക്ക് യൂനയൻ നേതൃപദവിയിലുമുണ്ടായിരുന്നു. ആറു പതിറ്റാണ്ടുമുമ്പ് പത്തനാപുരം താലൂക്ക് യൂനിയൻ രൂപംകൊണ്ടത് മുതൽ ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്‍റെ മരണശേഷം ഗണേഷ് കുമാറുമാണ് തലപ്പത്തുള്ളത്.

കോടികളുടെ ആസ്തിയാണ് യൂനിയനുള്ളത്. അഴിമതിയടക്കം രാഷ്ട്രീയ അപവാദങ്ങളിൽ പിതാവും മകനും പെട്ടപ്പോഴൊക്കെ എൻ.എസ്.എസിൽ ഒരുതരത്തിലുള്ള സ്ഥാനചലനവും ഇവർക്ക് സംഭവിച്ചില്ല. എൻ.എസ്.എസിന്‍റെ സമദൂരവും ശരിദൂരവും കാത്തുകൊണ്ടുതന്നെ യു.ഡി.എഫിലും എൽ.ഡി.എഫിലും ഇരുവരും ഒരു കല്ലുകടിയുമില്ലാതെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പുകളിൽ അതിന്‍റെ പ്രയോജനം സാമുദായിക അടിസ്ഥാനത്തിൽ ലഭിക്കുകയും ചെയ്തു. ഇപ്പോൾ പത്മ കഫേ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് ഗണേഷിന് എൻ.എസ്.എസിന്‍റെ ഗുഡ് ബുക്കിൽനിന്ന് പുറത്തേക്കുള്ള വഴി തെളിച്ചത്.

പത്തനാപുരം താലൂക്ക് യൂനിയനിലെ ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും ഗണേഷിനെ തള്ളി പ്പറഞ്ഞതോടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഗണേഷിനെ ഒഴിവാക്കാൻ നിർബന്ധിതനാവുകയായിരുന്നു.

പത്തനാപുരം താലൂക്ക് യൂനിയൻ ആസ്ഥാനമായ പുനലൂരിൽ പത്മ കഫേ നിർമിച്ചതിൽ അഴിമതി നടന്നതായി ആരോപണം ഉന്നയിച്ച യൂനിയൻ ഭരണസമിതി അംഗം വേണുകുമാറിനെ ഗണേഷിന്‍റെ പാർട്ടിയായ കേരള കോൺഗ്രസ്(ബി) പ്രവർത്തകർ മർദിച്ചതാണ് പ്രശ്നം ഒതുക്കിത്തീർക്കാൻ കഴിയാത്ത വിധത്തിൽ എത്തിച്ചത്. എൻ.എസ്.എസ് നേതൃത്വത്തിന് പരാതി നൽകിയ ഭരണസമിതി അംഗങ്ങൾ രാജിവെക്കുകയും ചെയ്തതോടെ നടപടിയിലേക്ക് പോകാതിരിക്കാൻ സാധ്യമാകാതെവന്നു.

അതേസമയംതന്നെ ഗണേഷിന്‍റെ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ അപഥസഞ്ചാര ആരോപണവുമായി രംഗത്തുവന്നതും തിരിച്ചടിയായി. ഇതോടെ ഗണേഷ്‌കുമാറിനെ താലൂക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ നേതൃത്വത്തിനുമേൽ സമ്മർദമേറിയെന്നാണ് വിവരം. ഗണേഷ്‌കുമാർ ഇനി സംഘടനയിൽ സാധാരണ ജനറൽ ബോഡി അംഗം മാത്രമാകും.

300 കോടിയുടെ ആസ്‌തി കൈക്കലാക്കാനുള്ള നടപടി -ഗണേഷ് കുമാർ

കൊട്ടാരക്കര: പത്തനാപുരം എൻ.എസ്‌.എസ് യൂനിയൻ പിരിച്ചുവിട്ട നടപടിയിൽ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാർ. യൂനിയന് കോടികളുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടികളെന്നും അദ്ദേഹം ആരോപിച്ചു. ആർ. ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ 64 വർഷം കൊണ്ട് പത്തനാപുരം എൻ.എസ്.എസ് യൂനിയന് 300 കോടിയുടെ ആസ്‌തിയുണ്ടായി. മന്നത്ത് പത്മനാഭനാണ് അദ്ദേഹത്തെ യൂനിയന്‍റെ ചുമതല ഏൽപിച്ചത്.

താലൂക്ക് യൂനിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിലൂടെ എത്തിയ ആളാണ് താൻ. ആ സ്ഥാനത്തുനിന്ന് പെട്ടെന്നൊരു ദിവസം രാവിലെ മാറ്റുമ്പോൾ അതിൽ ജനാധിപത്യധ്വംസനമില്ലേയെന്ന് മറ്റുള്ളവർ പരിശോധിക്കട്ടെ. എൻ.എസ്‌.എസിന്റെ ഔദ്യോഗിക തീരുമാനം എന്തായാലും അതിനെ അംഗീകരികരിക്കുന്നുവെന്നും ഗണേഷ്‍കുമാർ പറഞ്ഞു.

Show Full Article
TAGS:KB Ganesh Kumar NSS keralapolitics 
News Summary - NSS also abandons Minister Ganesh Kumar
Next Story