എൻ.എസ്.എസ് ഡയറക്ടർ ബോർഡ്; ഗണേഷ് കുമാറിനെ പുറത്താക്കിയതിന് പിന്നിൽ പത്മ കഫേ അഴിമതി
text_fieldsപത്തനാപുരം: എൻ.എസ്.എസ് പുനലൂർ ആസ്ഥാനത്ത് നിർമിച്ച ‘പത്മ കഫേ’യിലെ കോടികളുടെ അഴിമതിക്കഥ മുൻമന്ത്രി ഗണേഷ് കുമാറിന് തിരിച്ചടിയായി. ആദ്യം താലൂക്ക് യൂനിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ നായർ സർവിസ് സൊസൈറ്റി ഡയറക്ടർ ബോർഡിൽനിന്നും പുറത്തായി.
നാലര കോടി രൂപ പത്മ കഫേ നിർമാണത്തിൽ ചെലവായെന്നാണ് പ്രസിഡന്റായിരിക്കേ ഗണേഷ് കുമാർ പറഞ്ഞത്. ഇത് പലരും താലൂക്ക് യൂനിയനിൽ ചോദ്യം ചെയ്യുകയും പിന്നീട് ഒരു സമിതിയംഗത്തെ മർദിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. ഇതിനിടെ വിവിധ കരയോഗങ്ങൾ പ്രതിഷേധവുമായി ഗണേഷ് കുമാറിനെതിരെ രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ഗണേഷ് കുമാറിനെ താലൂക്ക് യൂനിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. തുടർന്ന് കരയോഗം രജിസ്ട്രാർ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി യൂനിയന്റെ ചുമതല ഏറ്റെടുത്തു. പിന്നീട്, അഡ്ഹോക്ക് കമ്മിറ്റി കഫേ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ വ്യാപക തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു. നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയതിലും ഇതിന്റെ ബില്ലുകളിലും ക്രമക്കേട് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങൾ ഓഡിറ്റ് നടത്തി ബോധ്യപ്പെട്ട വിവരം അഡ്ഹോക്ക് കമ്മിറ്റി എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. ഏകദേശം ആറുകോടിയോളം രൂപ ചെലവായതായാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതെന്ന് അറിയുന്നു. ഇക്കാര്യം അഡ്ഹോക്ക് കമ്മിറ്റിക്ക് മുൻകൂട്ടി അറിയാമായിരുന്നു.


