സി.പി.ഐ; ഐക്യത്തിനായി സമവായം ആവർത്തിക്കുമ്പോഴും വിമതചേരിക്ക് വെട്ട്
text_fieldsസി.പി.ഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിനുശേഷം കൈകൾ ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. നാരായണ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ എന്നിവർ
ആലപ്പുഴ: സമവായ പാതയിലൂടെ പാർട്ടിയിൽ ഐക്യം കൊണ്ടുവരുമെന്ന് പ്രവർത്തനറിപ്പോർട്ടിന്റെ മറുപടിയിൽ സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി മണിക്കൂർ കഴിയുംമുമ്പേ വിമതചേരിയിലെ പ്രമുഖരെയടക്കം വെട്ടി സി.പി.ഐ സംസ്ഥാന കൗൺസിലിൽ ഔദ്യോഗികപക്ഷം ശക്തമായ മേധാവിത്വം നേടി.
പഴയ കെ.ഇ. ഇസ്മയിൽ പക്ഷത്തെ അനുകൂലിച്ചിരുന്ന മുൻ എം.എൽ.എയും മഹിള സംഘം സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ്. ബിജിമോൾ, കെ.കെ. ശിവരാമൻ, തിരുവനന്തപുരത്തുനിന്നുള്ള എ.ഐ.ടി.യു.സി നേതാവ് മീനാങ്കൽ കുമാർ എന്നിവരാണ് പുതിയ കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖർ. ബിജിമോൾക്ക് പകരം ആളെയെടുക്കാതെ മഹിള സംഘത്തിൽനിന്നുള്ളയാൾക്കായി 103 അംഗ സംസ്ഥാന കൗൺസിലിൽ സ്റ്റേറ്റ് സെന്റർ ക്വോട്ടയിലെ ഒരുസ്ഥാനം ഒഴിച്ചിട്ടു. സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കിയതിനെതിരെ മീനാങ്കൽകുമാർ സമ്മേളനനഗരിയിൽതന്നെ പരസ്യമായി പ്രതിഷേധമുയർത്തി.
ഇടുക്കി ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ മേൽഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിജിമോൾ സമ്മേളന മാർഗരേഖ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കൗൺസിലിൽ വിലക്ക് ഏർപ്പെടുത്തിയത്. മണ്ഡലം സമ്മേളനത്തിൽ ജില്ല എക്സിക്യൂട്ടിവിന്റെ തീരുമാനമായി എൻ. ജയന്റെ പേരാണ് സെക്രട്ടറിയായി നിർദേശിക്കപ്പെട്ടത്. എന്നാൽ, പ്രതിനിധികളിൽനിന്ന് ബിജിമോളുടെ ഭർത്താവായ പി.ജെ. റെജിയുടെ പേരും ഉയർന്നു. ബിജിമോൾ റെജിക്കായി നിലകൊണ്ടു എന്നായിരുന്നു പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിന് അന്ന് ലഭിച്ച പരാതി.
എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി സുദേഷ് സുധാകറിനെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി. കാനം പക്ഷമായിരുന്ന ഇദ്ദേഹത്തെ പക്ഷേ, ഔദ്യോഗികപക്ഷം നേരത്തേതന്നെ മാറ്റിനിർത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു. പഴയ സംസ്ഥാന കൗൺസിലിൽനിന്ന് പ്രായപരിധി അടക്കമുള്ളവയാൽ ഇരുപതോളം പേരെ ഒഴിവാക്കിയപ്പോൾ പകരമെത്തിയ പുതുമുഖങ്ങളിൽ മിക്കവരും ഔദ്യോഗിക പക്ഷത്തോട് അടുപ്പമുള്ളവരാണ്. ജില്ല സമ്മേളനങ്ങളിൽതന്നെ വിഭാഗീയത അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ‘മത്സരവിലക്ക്’ പ്രഖ്യാപിച്ച് വിമതചേരിയിലെ പലരെയും വെട്ടിയിരുന്നു.
സമ്മേളനത്തിൽ ജില്ല ഡെലിഗേറ്റുകൾ ചേർന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും വെട്ടലുകളുണ്ടായി. കോഴിക്കോട്ടുനിന്ന് മുൻ ജില്ല സെക്രട്ടറിമാരായ ടി.വി. ബാലൻ, കെ.കെ. ബാലൻ എന്നിവരെ നിലനിർത്താനായി ജില്ല അസി. സെക്രട്ടറി പി.കെ. നാസറിനെ തഴഞ്ഞു. കണ്ണൂരിലെ ജില്ല അസി. സെക്രട്ടറി എ. പ്രദീപനെയും ഔദ്യോഗികപക്ഷം ഇടപെട്ട് തഴഞ്ഞു.