Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒല്ലൂർ മൂ​ന്നാ​മ​തും...

ഒല്ലൂർ മൂ​ന്നാ​മ​തും ചു​വ​ക്കു​മോ, യു.​ഡി.​എ​ഫ് കാ​റ്റ് ഷാ​ജി​യെ സ​ഹാ​യി​ക്കു​മോ, താ​മ​ര വി​രി​യു​മോ​

text_fields
bookmark_border
ഒല്ലൂർ മൂ​ന്നാ​മ​തും ചു​വ​ക്കു​മോ, യു.​ഡി.​എ​ഫ് കാ​റ്റ് ഷാ​ജി​യെ സ​ഹാ​യി​ക്കു​മോ, താ​മ​ര വി​രി​യു​മോ​
cancel
camera_alt

എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാജൻ പ്രചാരണത്തി​ന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളുമായി സംസാരിക്കുന്നു

ഒല്ലൂർ: ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മൂന്ന് പ്രധാന മുന്നണി സ്ഥാനാർഥികളും കളത്തിലിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പുതന്നെ എല്‍.ഡി.എഫ് സ്ഥാനാർഥിയും റവന്യൂ മന്ത്രിയുമായ കെ. രാജന്‍ ഒല്ലൂരില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഉദ്ഘാടനങ്ങൾക്ക് വേണ്ടി പത്ത് ദിവസത്തിലധികം മണ്ഡലത്തിലെ മുക്കിലും മൂലയിലുമെത്തി. നിരവധി പദ്ധതികള്‍ പൂര്‍ത്തിയായത് ഉദ്ഘാടനം ചെയ്യുകയും ഫണ്ട് അനുവദിച്ചതിന് നിർമാണോദ്ഘാടനങ്ങള്‍ നടത്തുകയും ചെയ്ത് തന്റെ ജനസമ്പര്‍ക്ക പരിപാടി എറെ മുന്നോട്ട് കൊണ്ടുപോയി. സഹായത്തിനായി നല്ല മീഡിയ പ്രവര്‍ത്തകരും ചേര്‍ന്നതോടെ സമൂഹ മാധ്യമങ്ങളിലും അദ്ദേഹം ഒരുപടി മുന്നിലായിരുന്നു.

പത്ത് വര്‍ഷത്തെ പ്രവര്‍ത്തനമികവും നിലവില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കും എല്ലാം ഉയര്‍ത്തിപിടിക്കാവുന്ന നേട്ടങ്ങളായി കാണുമ്പോള്‍ പ്രഖ്യാപനത്തിന് മുമ്പ്തന്നെ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി എറെ ദൂരം മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, യു.ഡി.എഫിലെ സ്ഥാനാർഥി നിർണയത്തിന് കൂടുതല്‍ സമയം എടുത്തതും ഔദ്യോഗിക പ്രഖ്യാപനം വൈകിയതും കാരണം കോണ്‍ഗ്രസിലെ ഷാജി ജെ. കോടങ്കണ്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ അൽപം പുറകിലായിരുന്നു എന്ന് പറയാതെ വയ്യ. എന്നാല്‍, ഷാജിക്കുള്ള സാധ്യത മനസ്സിലാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങി.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഷാജി ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയാണ്. ഒട്ടേറെ പൊതുതാല്‍പര്യ ഹരജികളിലൂടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഇദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. ഒപ്പം കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിക്കാനും പാലിയേക്കര ടോൾ പ്ലാസയിലെ കൊള്ളക്കെതിരെ കോടതി ഉത്തരവിലൂടെ ഒന്നര മാസം പിരിവ് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞതും ഷാജിയുടെ പ്രവര്‍ത്തന മികവായാണ് കാണുന്നത്.

വൈകിവന്നാലും സ്റ്റൈലായിതന്നെ വരുന്ന രീതിയിലാണ് ബി.ജെ.പിയിലെ ബിജോയ് തോമസ് കളത്തിലിറങ്ങിയത്. നീണ്ടകാലത്തെ രാഷ്ടീയ പാരമ്പര്യമുള്ള, ആര്‍.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ ബിജോയ് 1989 മുതല്‍ ബി.ജെ.പി ഭരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഒല്ലൂരിലും 2001ല്‍ കുന്നകുളത്തും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയവുമാണ് കൈമുതല്‍.

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ വിജയത്തോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാനാണ് ശ്രമിക്കുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ ഒല്ലൂരിലെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ഇനി രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മത്സരം കാഴ്ചവെക്കാവുന്ന അവസ്ഥയിലേക്കാണ് പ്രചാരണം ചൂടുപിടിക്കുന്നത്.

എല്‍.ഡി.എഫ് ഭരണനേട്ടത്തിന്റെ കണക്കുകള്‍ നിരത്തുമ്പോള്‍, യു.ഡി.എഫിനും ബി.ജെ.പിക്കും പറയാനുള്ളത് ഭരണമുരടിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതികളുടെയും കഥകളാണ്.

കേരളത്തിന്റെ ടൂറിസം മാപ്പില്‍ വലിയ അടയാളപ്പെടുത്തലായി സുവോളജിക്കല്‍ പാര്‍ക്ക് നില്‍ക്കുമ്പോള്‍, അവിടെ നിയോഗിച്ച ജോലിക്കാരുടെ കാര്യത്തില്‍ കാണിച്ച പക്ഷപാതപരമായ നടപടികളും നിർമാണത്തിലെ പാളിച്ചകളുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ മാസം പൊതുജനങ്ങൾക്കായി സുവോളജിക്കല്‍ പാര്‍ക്ക് തുറന്നത് മുതല്‍ സമൂഹ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച പരാതികളാണ് ഉയരുന്നത്.

ബനാന, ഹണി പാര്‍ക്കുകളുടെ കാര്യത്തിലും ഇതേ പരാതി തന്നെയാണ് ഉള്ളത്. ഇത് നിയോജക മണ്ഡലത്തിലെ വിഷയങ്ങള്‍ ആണെങ്കില്‍ എല്‍.ഡി.എഫ് സംസ്ഥാനതലത്തില്‍ നടത്തിയ അഴിമതിക്കഥകളാണ് ബി.ജെ.പിക്ക് പറയാനുള്ളത്.

വേനൽ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കനക്കുകയാണ്. ഒല്ലൂരില്‍ ആര് ജയിക്കുന്നുവോ അവരുടെ മുന്നണിയാണ് സംസ്ഥാനം ഭരിക്കുകയെന്ന വിശ്വാസം നേരത്തെ മുതല്‍ ഉള്ളതാണ്.

ഇത്തവണ ഒല്ലൂരിലെ ക്രൈസ്തവരുടെ മനസ്സ് എങ്ങോട്ടാണ്, ബി.ജെ.പി വോട്ട് താമരയില്‍തന്നെ വീഴുമോ, ഒല്ലൂരിലെ അന്യം നിന്നുപോകുന്ന പരമ്പരാഗത ഓട്, പാക്കിങ് കെയ്സ് വ്യവസായികളും തൊഴിലാളികളും ആരെ തുണക്കും, സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനസാധ്യത വോട്ടാകുമോ, അതോ സുവോളജിക്കല്‍ പാർക്കിനെതിരായ പ്രചാരണങ്ങളില്‍ വോട്ടർമാര്‍ വീഴുമോ... എല്ലാം കാത്തിരുന്ന് കാണണം.

കെ. ​രാ​ജ​ന്‍ (എ​ല്‍.​ഡി.​എ​ഫ്)

പ​ത്ത് വ​ര്‍ഷ​മാ​യി ഒ​ല്ലൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​എ​ല്‍.​എ. ആ​ദ്യ​ത്തെ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ചി​ഫ് വി​പ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍ഷം എ​ല്‍.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യി റ​വ​ന്യു-​ഭ​വ​ന​നി​ര്‍മാ​ണ വ​കു​പ്പ് മ​ന്ത്രി. 1973ലാ​ണ് ജ​ന​നം. തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍മ കോ​ള​ജി​ലും കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മു​ഴു​സ​മ​യ രാ​ഷ്ടീ​യ പ്ര​വ​ര്‍ത്ത​ക​നാ​യി. കോ​ള​ജ് രാ​ഷ്ടീ​യ​ത്തി​ലൂ​ടെ​യാ​ണ് സ​ജീ​വ രാ​ഷ്ടീ​യ​ത്തി​ല്‍ എ​ത്തി​യ​ത്.

ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് (യു.​ഡി.​എ​ഫ്)

തൃ​ശൂ​രി​ലെ അ​റി​യ​പ്പെ​ടു​ന്ന അ​ഭി​ഭാ​ഷ​ക​ൻ. 26 വ​ര്‍ഷ​മാ​യി സി​വി​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു. തൃ​ശൂ​ര്‍ മ​ണ​ലൂ​ര്‍ സ്വ​ദേ​ശി. എ​നാ​മാ​വ് സെ​ന്റ് തോ​മ​സ് സ്‌​കൂ​ളി​ലും തൃ​ശൂ​ര്‍ സെ​ന്റ് തോ​മ​സ് കോ​ള​ജി​ലും തു​ട​ര്‍ന്ന് കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ലും പ​ഠ​നം. കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലു​ടെ രാ​ഷ്ടീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി. നി​ര​വ​ധി പൊ​തു​താ​ല്‍പ​ര്യ ഹ​ര​ജി​ക​ളി​ലൂ​ടെ അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്കാ​നാ​യി.

ബി​ജോ​യ് തോ​മ​സ് (എ​ന്‍.​ഡി.​എ)

1989ല്‍ ​ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​മാ​യി സ​ജീ​വ രാ​ഷ്ടീ​യ​ത്തി​ലി​റ​ങ്ങി. 2005ല്‍ ​യു​വ​മോ​ര്‍ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി. 1996ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ഒ​ല്ലൂ​രി​ല്‍നി​ന്ന് മ​ത്സ​രി​ച്ചു. 2001ല്‍ ​കു​ന്നം​കു​ള​ത്ത് നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Thrissur election 
News Summary - who will win in olloor
Next Story