മാതേവരുടെ സ്വന്തം കണ്ണന്നൂർ പാടം
text_fieldsഓണക്കാലമായാൽ കണ്ണന്നൂർ പാടം നിവാസികൾ തിരക്കിലാകും. വീട്ടുമുറ്റത്തൊരുക്കുന്ന പുക്കളത്തിന്റെ മധ്യഭാഗത്തു വെക്കുന്ന മാതേവരുടെ നിർമാണമാണ് ഇവരെ സജീവമാക്കുന്നത്. പല്ലശ്ശന പഞ്ചായത്തിൽ കണ്ണന്നൂർ പാടത്തുള്ള 46ഓളം മൺപാത്ര നിർമാണ കുടുംബങ്ങളാണ് നിലവിൽ മതേവരുടെ നിർമിച്ച് ഓണത്തിന് പുത്തനുണർവ് നൽകുന്നത്. കൂടുതൽ കച്ചവടം പ്രതീക്ഷിച്ച് കളിമണ്ണു കൊണ്ടു നിർമ്മിച്ച മാതേവർ കണ്ണന്നൂർ പാടത്ത് കൂടുതലായി സംഭരിച്ചിട്ടുണ്ടെന്ന് തൊഴിലാളി കേശവൻ പറഞ്ഞു. 70ലധികം കുടുംബങ്ങൾ കണ്ണന്നൂർ പാടത്ത് ഉണ്ടെങ്കിലും മാതേവർ നിർമിക്കുന്നത് ചുരുക്കമാണ്. പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലും കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങി മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ വരെ പല്ലശ്ശന കണ്ണൂർ പാടത്തിലെ മാതേവർ വിൽപന നടത്തുന്നവരുണ്ട്.
കളിമണ്ണ് ലഭിക്കാൻ പ്രയാസമായത് മൺപാത്ര നിർമാണം പ്രതിസന്ധിയിലാക്കിയെന്ന് കണ്ണന്നൂർ പാടം സ്വദേശി പാഞ്ചാലി പറയുന്നു. പുതിയ തലമുറ ഈ മേഖലയിലേക്ക് വരാത്തതിനാൽ 50 മുതൽ 60 -70 വയസ്സ് പ്രായമുള്ള കുടുംബാഗങ്ങളാണ് ഇപ്പോഴും മാതേവരുടെ നിർമാണവും വിൽപ്പനയുമായി പല്ലശ്ശനയിൽ മുന്നോട്ടു പോകുന്നത്. സർക്കാറിന്റെ ധന സഹായം ഉണ്ടായാൽ കൂടുതൽ കുടുംബങ്ങൾക്ക് മൺപാത്ര നിർമാണ മേഖലയിൽ നിലനിൽക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.