അംഗനവാടിയുടെ പൂട്ട് പൊളിച്ച് കയറി കുട്ടികൾക്കുള്ള മുട്ട പൊട്ടിച്ചുകുടിച്ചു, ഫോൺ മോഷ്ടിച്ചു, ഫയലുകൾ നശിപ്പിച്ചു; ഒരാൾ പിടിയിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ
text_fieldsജയകുമാർ
അടൂർ (പത്തനംതിട്ട): ചൂരക്കോട് ശ്രീനാരായണപുരം 31-ാം നമ്പർ അംഗൻവാടിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം യേരൂർ കമുകുംപള്ളിൽ വീട്ടിൽ ജയകുമാറിനെയാണ് (48) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന മുട്ടയും അംഗൻവാടിയിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മാർച്ച് 18നാണ് സംഭവം. അംഗൻവാടിയിൽ പൂട്ടുപൊളിച്ച് കയറിയ ജയകുമാറും സഹായിയും കുട്ടികൾക്ക് വേണ്ടി വച്ചിരുന്ന ഏഴു മുട്ടയിൽ അഞ്ചെണ്ണം പൊട്ടിച്ച് കുടിച്ചു. രണ്ടെണ്ണം മതിലിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കൂടാതെ അലമാരിയിൽ ഇരുന്ന ഫയലുകളും പേപ്പറുകളും മുഴുവൻ നിലത്ത് വാരിവലിച്ചിട്ടു.
അംഗൻവാടി ജീവനക്കാരി എത്തിയപ്പോഴാണ് വാതിലിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് മുട്ടയും ഫോണും കാണാതായത് തെളിഞ്ഞത്. അടൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.