നാളികേരത്തിന്റെ നാട്ടിൽ ഒരു കോടി വീട്
text_fieldsമലപ്പുറം: നഗര-ഗ്രാമ വ്യത്യാസമില്ലാതായ സംസ്ഥാനത്ത് വീടുകളുടെ എണ്ണം 1.09 കോടിയിലെത്തിയതായി സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 2022-23ലെ കണക്ക് ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് പ്രധാന വിവരങ്ങളുള്ളത്.
അണുകുടുംബങ്ങളിലേക്ക് മാറിയ മലയാളി, വീട് നിർമാണത്തിന് മുന്തിയ പരിഗണന നൽകുന്നെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ജനസംഖ്യ വളർച്ചയും അതിവേഗമുള്ള നഗരവൽക്കരണവും വീടുകളുടെ എണ്ണം കുതിച്ചുയരാനുള്ള കാരണങ്ങളാണ്.
കോവിഡ് പ്രതിസന്ധിയെ കേരളത്തിന്റെ നിർമ്മാണ മേഖല അതിവേഗമാണ് അതിജീവിച്ചതെന്ന് പ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് അടിവരയിടുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.
- സംസ്ഥാനത്ത് ആകെ 10,919,039 വാസയോഗ്യമായ വീടുകൾ - ചതുരശ്ര കിലോമീറ്ററിന് ഏകദേശം 389.32 എണ്ണം.
- ഭവന സാന്ദ്രതയിൽ തിരുവനന്തപുരം മുന്നിൽ - ചതുരശ്ര കി.മിയിൽ ശരാശരി 642.45 വീടുകൾ.
- കൂടുതൽ വാസയോഗ്യമായ വീടുകൾ മലപ്പുറത്ത്- 11,88,596 എണ്ണം. ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 471.67 വീടുകൾ.
- ഒരു വീട്ടിൽ താമസിക്കുന്ന ശരാശരി ജനസംഖ്യയിലും മലപ്പുറം ജില്ലയാണ് മുൻപന്തിയിൽ (4.01 ശതമാനം). അതായത് ഒരു വീട്ടിൽ ശരാശരി നാലു പേർ. തൊട്ടുപിന്നിൽ കോഴിക്കോട് (3.66%). ഏറ്റവും കുറവ് പത്തനംതിട്ട (2.49 പേർക്ക് ഒരു വീട്).
- സംസ്ഥാന ശരാശരി ഒരു വീടിന് 3.25 പേർ.
ഗ്രാമങ്ങളിൽ പാർക്കാം
- സംസഥാനത്തെ മൊത്തം വാസയോഗ്യമായ വീടുകളുടെ 78.42 ശതമാനവും ഗ്രാമങ്ങളിലാണ്.
- സംസ്ഥാനത്തെ മൊത്തം നിർമാണങ്ങളുടെ 72.21 ശതമാനവും പാർപ്പിടാവശ്യങ്ങൾക്ക്.
- കോർപറേഷൻ തലത്തിൽ, കൂടുതൽ വീടുകളുള്ളത് തിരുവനന്തപുരത്ത്- 2,78,948.
- 49,901 വീടുകളുള്ള മഞ്ചേരിയാണ് നഗരസഭകളിൽ ഒന്നാംസ്ഥാനത്ത്.
- 92.76 ശതമാനം കെട്ടിടങ്ങളുടെയും മേൽക്കൂര കോൺക്രീറ്റാണ്. ഓട് മേഞ്ഞ മേൽക്കൂര 2.64%
- വ്യാവസായിക കെട്ടിടങ്ങളുടെ 17 ശതമാനം എറണാകുളം ജില്ലയിൽ.
- സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. നിലവിലുള്ള പുരുഷ-സ്ത്രീ ഉടമസ്ഥത അനുപാതം ഏകദേശം 2.7:1 ആണ്. നിർമ്മാണമേഖലയിൽ മുൻ വർഷത്തേക്കാൾ 11.13 ശതമാനമാണ് വളർച്ച.