സാമ്പത്തികവർഷം അവസാനിക്കാൻ ഒരുദിവസം ബാക്കി നിൽക്കേ 70 ശതമാനം പോലുമെത്താതെ പദ്ധതിച്ചെലവ്
text_fieldsതിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കെ 70 ശതമാനം പോലുമെത്താതെ സംസ്ഥാനത്തെ പദ്ധതിച്ചെലവ്. ആസൂത്രണ വകുപ്പിന്റെ പ്ലാൻ സ്പെയിസിലെ ശനിയാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം ആകെ ചെലവ് 63.54 ശതമാനമാണ്.
സാമ്പത്തിക പ്രതിസന്ധിമൂലം 50 ശതമാനം പദ്ധതിച്ചെലവ് വെട്ടിക്കുറച്ച ശേഷമുള്ള നിലയാണിത്. മാത്രമല്ല, മുൻവർഷം നൽകേണ്ട തുകയും ഈ വർഷം നൽകിയിട്ടുണ്ട്. 38886.91 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ ആകെ പദ്ധതി അടങ്കൽ. വിവിധ വകുപ്പുകളിലെ മൂലധന ചെലവുകൾ ഉൾപ്പെടുന്ന സംസ്ഥാന പ്ലാനിൽ അനുവദിച്ച 21838 കോടിയിൽ ചെലവഴിക്കൽ 61.35 ശതമാനമാണ്.
8532 കോടിയുടെ തദ്ദേശ പ്ലാനിലെ ചെലവഴിക്കൽ 74.93 ശതമാനം. 8516.91 കോടിയുടെ കേന്ദ്രസഹായ പദ്ധതികളിലെ ചെലവഴിക്കൽ 57.71 ശതമാനവും. അതേസമയം ഈ കണക്കുകൾ അന്തിമല്ലെന്നും ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഉയർന്ന ചെലവാണുള്ളതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
കേന്ദ്രം തങ്ങളുടെ വിഹിതം നീക്കിവെക്കുന്നതിൽ വന്ന അപര്യാപ്തയാണ് കേന്ദ്രസഹായ പദ്ധതികളിലെ ചെലവഴിക്കൽ താരതമ്യേന കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ ചെലവുകൾ മാറ്റിവെക്കുകയോ 30 ശതമാനം വരെ അടങ്കൽ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. എന്നാൽ 50 ശതമാനം വരെ പദ്ധരി വെട്ടിക്കുറച്ചത് ഇതാദ്യമാണ്.
ബില്ലുകൾ സ്വീകരിക്കുന്നത് മുൻ നിർദേശപ്രകാരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം ലഭിക്കുന്നവ ക്യൂവിലേക്ക് മാറ്റുകയാണ്. ഇത്തരത്തിൽ ക്യൂവിലായ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാൻ ശനിയാഴ്ച ട്രഷറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ട്രഷറി സോഫ്റ്റ്വെയർ വഴി ലഭിച്ച ബില്ലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയെങ്കിലും ഇവ പാസാക്കുന്ന കാര്യം മിണ്ടിയിട്ടില്ല. മാർച്ച് 30, 31 തീയതികൾ അവധി ദിവസങ്ങളായതിനാൽ ചെലവഴിക്കൽ കണക്കുകൾ വീണ്ടും കുറയാം.