വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; വയോധികന് ദാരുണാന്ത്യം
text_fieldsമേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം. എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മേപ്പാടി ടൗണിന് സമീപം ചെമ്പ്ര മലയുടെ താഴ് വാര പ്രദേശമായ എരുമകൊല്ലി പൂളക്കുന്നാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അറുമുഖൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അറുമുഖൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വൈകിയിട്ടും അറുമുഖൻ വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉന്നതിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേപ്പാടി പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അതേസമയം ഡി.എഫ്.ഒ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. പത്ത് വർഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന അറുമുഖൻ തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: രാജൻ, സത്യൻ.