സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ഒരാൾക്ക് കൂടി സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ 59 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. അബോധാവസ്ഥയിൽ മെഡിക്കൽ കോളജിൽ എത്തിച്ച ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. മൂന്ന് വർഷം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഇയാളെന്നാണ് വിവരം.
കോഴിക്കോട് ജില്ലയിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ വളന്‍റിയർമാരാണ് ഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കടുത്ത പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നട്ടെല്ലിൽ നിന്നും സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി അബോധാവസ്ഥയിലാണ്.
ഇതോടെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴും പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.
അതിനിടെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി രോഗമുക്തി നേടി ആശുപത്രിവിട്ടിരുന്നു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയാണ് കുട്ടി. 15 ദിവസത്തെ ഇടവേളകളിൽ നടത്തിയ രണ്ടു പരിശോധകളിൽ സ്രവ പരിശോധന ഫലം നെഗറ്റിവ് ആയതായും കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.