ആഗോള അയ്യപ്പ സംഗമം: പങ്കെടുക്കാൻ തമിഴ്നാട് മാത്രം; കർണാടക, തെലങ്കാന, ആന്ധ്ര പ്രതിനിധികളില്ല
text_fieldsപത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് സർക്കാർ പ്രതിനിധികൾ മാത്രം. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തില്ല. കർണാടക, ഡൽഹി, തെലങ്കാന ആന്ധ്ര സർക്കാറുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായി ക്ഷണിച്ചത്. ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല.
ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ് ഭക്തർ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികളില്ലാത്തത്. സർക്കാർ പ്രതിനിധികൾ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. ബോർഡിന് രാഷ്ട്രീയമില്ല. വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം. അതിനാലാണ് രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാന പ്രതിനിധികൾ എത്താത്തതിന് പിന്നിൽ രാഷ്ട്രീയ ചരടുവലികൾ നടന്നതായും ബോർഡ് സംശയിക്കുന്നുണ്ട്.
വിഷയങ്ങൾ അവതരിപ്പിക്കുന്നത് 10 അംഗസംഘം
പമ്പ: ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിക്കുക 10 അംഗ സംഘം. പ്രധാന വേദിയായ തത്ത്വമസിയിൽ നടക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിലെ പ്രഫ. ബെജെന്‍ എസ്. കോത്താരി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, ഡോ. പ്രിയാഞ്ജലി പ്രഭാകരൻ(ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതി) എന്നിവരാണ് പാനലിസ്റ്റുകള്‍. ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍.
മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന് നടക്കും. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.