ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം മാത്രം, ഒരൊറ്റ മഴയിൽ തകർന്ന് പഞ്ചായത്ത് റോഡ്; ഇതെന്ത് നവീകരണമെന്ന് നാട്ടുകാർ
text_fieldsകഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത റോഡ് മഴയിൽ തകർന്ന നിലയിൽ
പുളിക്കൽ (മലപ്പുറം): ഏറെക്കാലത്തെ യാത്രാദുരിതങ്ങൾക്ക് ആശ്വാസമായി ദിവസങ്ങൾക്ക് മുമ്പാണ് ചെറുകാവ് പഞ്ചായത്തിലെ ചേവായൂർ-കൊടുകുത്തിപ്പറമ്പ് റോഡ് നവീകരണം നടത്തിയത്. ടാറിങ്ങിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആഘോഷമാക്കി റോഡിന്‍റെ ഉദ്ഘാടനവും നടത്തി. എന്നാൽ, ഞായറാഴ്ച പെയ്ത ആദ്യ വേനൽ മഴയിൽ തന്നെ റോഡ് തകർന്നിരിക്കുകയാണ്.
ചേവായൂർ അംഗൻവാടിയിലേക്ക് പ്രവേശിക്കുന്ന വളവിലാണ് റോഡ് തകർന്നത്. നിരപ്പായ റോഡ് താഴുകയും വിണ്ടു കീറുകയും ചെയ്തിട്ടുണ്ട്. 28 ലക്ഷം മുടക്കി ജില്ല പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തിയ റോഡ് ദിവസങ്ങൾക്കുള്ളിൽ തകർന്നതോടെ പ്രതിഷേധത്തിലാണ് നാട്ടുകാർ.
പൊട്ടിപ്പൊളിഞ്ഞ ചേവായൂർ റോഡിൽ ഏറെ പ്രയാസം അനുഭവിച്ചാണ് വർഷങ്ങളായി യാത്രക്കാർ സഞ്ചരിച്ചത്. മോശം റോഡ് കാരണം ഓട്ടോകൾ പോലും ഇതുവഴി വരാൻ മടിച്ചിരുന്നു. ഇതിനിടെ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ദിവസങ്ങളെടുത്ത് പണി പൂർത്തീകരിച്ചാണ് റോഡ് തുറന്നു കൊടുത്തത്. എന്നാൽ പുതുമോടി മാറും മുമ്പേ രണ്ട് ദിവസത്തനുള്ളിൽ തന്നെ റോഡ് തകർന്നു. ജില്ല പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്‍റ്, വാർഡ് മെമ്പർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് വിജിലൻസിന് പരാതി കൊടുക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. അതേസമയം, ശക്തമായ മഴയിൽ അംഗൻവാടി റോഡിൽ നിന്ന് കുത്തിയൊലിച്ച് വെള്ളം വന്നതാണ് റോഡ് തകരാൻ കാരണമായതെന്ന് വാർഡ് മെമ്പറും ചെറുകാവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.വി. മുരളീധരൻ പ്രതികരിച്ചു. എന്താണ് റോഡിന് സംഭവിച്ചതെന്ന് കരാറുകാരനുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ പറഞ്ഞു.