ജനനായകൻ
text_fieldsവിദ്യാർഥി രാഷ്ട്രീയകാലം മുതൽ തുടങ്ങിയതാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയത. എം.എൽ.എ ആയപ്പോഴും ജനക്കൂട്ടം അദ്ദേഹത്തിന് ദൗർബല്യമായി തുടർന്നു. എം.എൽ.എ ക്വാർട്ടേഴ്സിലെ മുറിയിൽ വിദ്യാർഥി സംഘടന പ്രവർത്തകർ മുതൽ സീനിയർ നേതാക്കൾ വരെ തമ്പടിച്ചു. ആ മുറിയിൽ ആൾക്കൂട്ടത്തിനിടയിൽ അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിച്ചു. ഊണും ഉറക്കവും നടത്തി.Oommen Chandy
രാത്രി തലചായ്ക്കാൻ വരുമ്പോൾ കട്ടിലിലും താഴെയും നിരവധി പേർ ഉറങ്ങുന്നുണ്ടാകും. ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ അവിടെ കിടന്നുറങ്ങും. സ്ഥലമില്ലെങ്കിൽ വരാന്തയിലോ വാതിൽപടിയിലോ സ്ഥലം കണ്ടെത്തും, ആരോടും പരിഭവമില്ലാതെ.
ഒരിക്കൽ യാത്രകഴിഞ്ഞ് വൈകീട്ട് നേരത്തേ എത്തിയ ഉമ്മൻ ചാണ്ടി പതിവിന് വിപരീതമായി ഒഴിഞ്ഞുകിടന്ന മുറിയിൽ ക്ഷീണംകൊണ്ട് വാതിൽ അകത്തുനിന്ന് പൂട്ടി കിടന്നുറങ്ങി. രാത്രി അഭയം തേടിയെത്തിയവർ കട്ടിലിൽ ഒരാൾ കിടന്നുറങ്ങുന്നതും മുറി പൂട്ടിയിരിക്കുന്നതും കണ്ട് വാതിലിൽ തട്ടിവിളിച്ചു. അഗാധ നിദ്രയിലായിരുന്ന ഉമ്മൻ ചാണ്ടി അതറിഞ്ഞില്ല. ഉണരാതെ കിടക്കുന്നയാളെ വെറുതെവിടാൻ അവിടെ വന്നവർ മുതിർന്നില്ല. ചെറിയ കല്ലുപെറുക്കി ഏറുതുടങ്ങി. രണ്ടുമൂന്ന് ഏറുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. അപ്പോഴാണ് കിടന്നുറങ്ങിയത് തങ്ങളുടെ പ്രിയ നേതാവായിരുന്നുവെന്നറിയുന്നത്.
ഉമ്മൻ ചാണ്ടി ധനമന്ത്രിയായിരിക്കെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചോദിക്കാൻ വിളിച്ചു. മൊബൈൽ ഫോൺ പ്രചാരത്തിൽ വരാത്ത കാലമാണ്. ധനമന്ത്രി കോട്ടയം ഗെസ്റ്റ് ഹൗസിൽ ഉണ്ടെന്നും അവിടെ ബന്ധപ്പെടാനും ഓഫിസിൽനിന്ന് അറിയിച്ചു.
ഗെസ്റ്റ് ഹൗസിൽ വിളിച്ചപ്പോൾ പിറ്റേന്ന് രാവിലെ ആറിന് പൂജപ്പുരയിലെ സ്വന്തം വീടായ പുതുപ്പള്ളിയിൽ എത്തിയാൽ സംസാരിക്കാമെന്ന് പറഞ്ഞു. രാവിലെ അഞ്ചേമുക്കാലിനുതന്നെ എത്തിയപ്പോൾ പൊതുസമ്മേളനത്തിനുള്ള ആളുകൾ അവിടെയുണ്ട്. അവർക്കിടയിൽ തിങ്ങിഞെരുങ്ങുന്ന എന്നെ, ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയായ ‘ആർ.കെ’ എന്ന ബാലകൃഷ്ണൻ കണ്ടു. അവിടെനിന്ന് രക്ഷിച്ച് വീട്ടിനുള്ളിൽ കയറ്റിയപ്പോൾ അവിടെയും തിരക്കുതന്നെ. രാവിലെ മൂന്നുമണിയോടെയാണ് ഉമ്മൻ ചാണ്ടി എത്തിയതെന്നും മുകളിലെ മുറിയിൽ കിടന്ന് ഉറങ്ങുകയാണെന്നും ഞാൻ വന്നാൽ മുറിയിലേക്ക് കൊണ്ടുചെല്ലാൻ പറഞ്ഞിട്ടുണ്ടെന്നും ആർ.കെ പറഞ്ഞു.
മുകളിലെ മുറിയിലേക്ക് നീങ്ങവെ പിന്നാലെ മൂന്നുനാലുപേർ വരുന്നത് ഞങ്ങൾ അറിഞ്ഞില്ല. മുറിയിൽ ഞങ്ങൾക്കു മുമ്പേതന്നെ അവർ കടന്നുകഴിഞ്ഞിരുന്നു. അവിടെനിന്ന് ഡൈനിങ് ടേബിളിലേക്ക് മന്ത്രിയും ഞാനും പലായനം ചെയ്തു, മറ്റാരെയും കടത്തിവിടരുത് എന്ന നിർദേശത്തോടെ. സാമ്പത്തികാവസ്ഥയക്കുറിച്ച് വിശദീകരിച്ച ധനമന്ത്രി അന്ന് എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകവെ പുറത്ത് ആൾക്കൂട്ട ആരവം കൂടിവന്നു. സ്വന്തം കാര്യങ്ങൾ ഒന്നും നോക്കാതെ അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന മന്ത്രിയെയാണ് പിന്നീട് കണ്ടത്.