ഉമ്മൻ ചാണ്ടി വധശ്രമക്കേസ്: പ്രമുഖരെല്ലാം അഴിക്കുപുറത്ത്
text_fieldsകല്ലേറിൽ പരിക്കേറ്റ ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ (ഫയൽ ചിത്രം)
കണ്ണൂർ: ഉമ്മൻ ചാണ്ടി വധശ്രമക്കേസിൽ മൂന്നു പ്രതികൾമാത്രം ശിക്ഷിക്കപ്പെടുമ്പോൾ പ്രതിപ്പട്ടികയിലുൾപ്പെട്ട സി.പി.എം നേതാക്കളെയെല്ലാം കോടതി വെറുതെവിട്ടു. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്, പതിറ്റാണ്ടിനിപ്പുറം വിധിയും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കുനേരെ അക്രമം നടന്നത്. കോടതി വിട്ടയച്ചവരിൽ ഒന്നാം പ്രതി മുൻ പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ, രണ്ടാം പ്രതി മുൻ ധർമടം എം.എൽ.എ കെ.കെ. നാരായണൻ എന്നിവരും പെടും.
മൂന്നു മുതൽ ആറുവരെ പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ. ശബരീഷ് കുമാർ, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ, മുൻ കണ്ണൂർ ജില്ല പഞ്ചായത്തംഗം എന്നിവരും വെറുതെവിട്ടവരിൽപെടും.
ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഒരാൾക്കുമാത്രമാണ് പാർട്ടിയുമായി ബന്ധം. മറ്റു രണ്ടുപേരായ സി.ഒ.ടി. നസീർ, സി. ദീപക് എന്നിവർ പാർട്ടിയിൽനിന്ന് നേരത്തെ പുറത്തുപോയവരാണ്. ഇതിൽ തലശ്ശേരി മുൻനഗരസഭ കൗൺസിലർ കൂടിയായ സി.ഒ.ടി. നസീർ വിമതനായി പാർട്ടിയിൽനിന്ന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് കണ്ണൂരിൽ നടത്തിയ അക്രമത്തിൽ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് നസീർ മാപ്പുചോദിച്ചു.
സോളാർ കേസിൽ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളമൊട്ടാക പ്രതിഷേധം നടക്കുന്ന കാലമായിരുന്നു അന്ന്. ഇതിന്റെ ഭാഗമായാണ് കണ്ണൂരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ അക്രമം നടന്നത്. യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് രജിസ്റ്റർ ചെയ്ത കേസ് എറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു സി.പി.എമ്മിന്റെ വാദം. ഈ പശ്ചാത്തലത്തിൽ കേസിലെ കൂടുതൽ പ്രതികളെയും വെറുതെവിട്ട കോടതിവിധി സി.പി.എമ്മിന് ആശ്വാസം പകരുന്നതുമാണ്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് സി.പി.എമ്മിന്റെ അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജൻ, എം.വി. ജയരാജൻ, സി.പി.ഐ ജില്ല സെക്രട്ടറി സി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കരിങ്കൊടിയേന്തി പ്രകടനം നടത്തിയിരുന്നു. തുടർന്ന് ഇവരെ പരിപാടി നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിലേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്നാണ് കണ്ണൂർ കാൽടെക്സിൽ വെച്ച് അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ രക്തം പൊടിഞ്ഞ നെറ്റിയുമായായിരുന്നു ഉമ്മൻ ചാണ്ടി പൊലീസ് കായികമേള സമാപന ചടങ്ങിൽ പങ്കെടുത്ത്. പിന്നീട് രണ്ട് ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയത്.