സൈബർ തട്ടിപ്പിന് പൂട്ട്
text_fieldsകൊച്ചി: ഒറ്റദിവസം, സൈബർ തട്ടിപ്പുകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷൻ സൈ ഹണ്ടിൽ കണ്ടെത്തിയത് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ്, അറസ്റ്റിലായത് 263 പേർ. ആകെ രജിസ്റ്റർ ചെയ്തത് 382 കേസുകൾ. കേരളത്തിലുടനീളം നടന്ന റെയ്ഡിലാണ് മണിക്കൂറുകൾക്കുള്ളിൽ ഇത്രയധികം പ്രതികൾ പിടിയിലായത്.
പ്രതികളെന്ന് സംശയിക്കുന്ന 125 പേർക്ക് നോട്ടീസ് നൽകി. ഇവർ നിരീക്ഷണത്തിലാണ്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായാണ് അറസ്റ്റുകൾ നടന്നത്. കോഴിക്കോട് ജില്ലയിലാണ് കേസുകളുടെ എണ്ണം കൂടുതലുള്ളത്. ഇവിടെ സിറ്റിയിലും (43) റൂറലിലുമായി (24) 67 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതലും ക്രിപ്റ്റോ കറൻസി തട്ടിപ്പുൾപ്പെടെ ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ടതാണ്. ആകെ കണ്ടെത്തിയ തട്ടിപ്പിൽ 34.8 ശതമാനവും ഓൺലൈൻ ട്രേഡിങ് ആണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടിനായി അക്കൗണ്ടുകൾ വാടകക്കെടുത്ത് (മ്യൂൾ അക്കൗണ്ട്) ആയിരുന്നു തട്ടിപ്പ് അരങ്ങേറിയത്. രാജ്യവ്യാപകമായി സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്ക്, എ.ടി.എം തുടങ്ങിയവ ഉപയോഗിച്ച് പിൻവലിച്ചവരും അക്കൗണ്ടുകൾ വാടകക്കു നൽകി കമീഷൻ കൈപ്പറ്റിയവരുമുൾപ്പെടെയാണ് അറസ്റ്റിലായത്.
സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരും എ.ടി.എം വഴി പണം പിൻവലിച്ച 361 പേരും അക്കൗണ്ടുകൾ വാടകക്ക് നൽകിയ 665 പേരും പൊലീസ് നിരീക്ഷണത്തിലാണ്. തുടരന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയാൽ ഇവരെ അറസ്റ്റ് ചെയ്യും. അറസ്റ്റിലായവരിൽ സൈബർ തട്ടിപ്പുകളുടെ സൂത്രധാരന്മാരും പങ്കുപറ്റിയവരും ഉൾപ്പെടുന്നു.
തങ്ങളുടെ അറിവില്ലാതെ തട്ടിപ്പുകാർ അക്കൗണ്ട് ഉപയോഗിച്ചവരും ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടിൽ പണംകിട്ടിയവരും കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടവരുമാണ് നോട്ടീസ് ലഭിച്ച 125 പേർ.
ഓപറേഷന്‍റെ ഭാഗമായി വ്യാഴാഴ്ച കാലത്ത് ആറുമുതൽ പൊലീസ് സൈബർ ഓപറേഷന്റെയും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നു. കേരളത്തിനുപുറത്തും വിദേശരാജ്യങ്ങളിലും പ്രതികളുണ്ട്. മൂന്നുമാസം മുമ്പാണ് ഓപറേഷന് തുടക്കമിട്ടത്. ഇരകളിൽനിന്ന് പരാതി സ്വീകരിച്ച് പ്രതികളെ തേടുന്നതിനുപകരം നാഷനൽ സൈബർ ക്രൈം പോർട്ടലിൽനിന്ന് ലഭ്യമായ വിവരങ്ങളിലൂടെ പ്രതികളിലേക്കെത്തിയാണ് കുറ്റകൃത്യം പൊലീസ് കണ്ടെത്തിയത്. പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇടപാടുകൾ തിരിച്ചറിഞ്ഞത്.


