ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും, 15 ദിവസം കഴിയുമ്പോൾ 10 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി
text_fieldsതിരുവനന്തപുരം: ലഹരിക്കെതിരെ കേരള പൊലീസ് നടത്തുന്ന പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിക്കെതിരായ പദ്ധതി വിപുലപ്പെടുത്തും. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചർച്ച നടത്തി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 10 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി രമേശ് ചെന്നിത്തല പറഞ്ഞു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 2778 പേരെ അറസ്റ്റ് ചെയ്തു. 1.58 കിലോഗ്രാം എം.ഡി.എം.എ, 146.45 കിലോഗ്രാം കഞ്ചാവ് എന്നിവയടക്കം പിടികൂടിയതിൽ ഉൾപ്പെടുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കൾ എവിടെനിന്ന് വരുന്നുവെന്നത് സംബന്ധിച്ച ഏകദേശരൂപം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെല്ലാം ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തിലുണ്ടായ അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഓപ്പറേഷൻ നടപടിക്രമങ്ങളിൽ മാറ്റം വരുത്തും. കൂടുതൽ ശാസ്ത്രീയമായ രീതികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടമായിട്ടാകും ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോകുക. തൂഫാൻ സ്ട്രൈക്സ്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നിങ്ങനെയായിരിക്കും അത്. കുറ്റകൃത്യം പിടികൂടുക, സമൂഹത്തെ പദ്ധതിയുടെ ഭാഗമാക്കി മാറ്റി ലഹരിവിരുദ്ധ പ്രചാരണം, ലഹരിക്കടിമപ്പെട്ടവരെ തിരിച്ചു കൊണ്ടുവരിക എന്നിങ്ങനെയാകും ഈ ഘട്ടങ്ങൾ. തൂഫാൻ ആരംഭിച്ചതോടെ ലഹരി മാഫിയ തത്കാലത്തേക്ക് വിതരണം നിർത്തിവെച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതൊരു തുടർപ്രക്രിയ ആയിരിക്കുമെന്നും അടിവേരറക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് പരിശോധന കർശനമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധനകളും നടക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 296 ബ്ലാക്കി എന്ന സ്നിഫർ നായയുടെ സഹായത്തോടെയായിരുന്നു കോഴിക്കോട് പരിശോധന നടത്തിയത്. അതിവേഗത്തിൽ മണംപിടിച്ച് ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ ഇവക്ക് സാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് പ്രത്യേക ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.


