‘ഡീലി’ൽ ഉരുകിത്തിളച്ച്; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് സി.പി.എം - ബി.ജെ.പി ഡീൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് തൊടുത്തുവിട്ട ഡീൽ ആരോപണത്തിൽ ഉരുകിത്തിളച്ച് സംസ്ഥാന രാഷ്ട്രീയം. പാലക്കാട്ട് മാത്രമല്ല റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച രംഗത്തെത്തുകയും ഘടകകക്ഷി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റാവുകയാണ്.
കോൺഗ്രസിന്‍റെ ഡീൽ ആരോപണങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകേണ്ടതില്ലെന്നും വികസനത്തിലൂന്നി മുന്നോട്ടുനീങ്ങാമെന്നുമായിരുന്നു തുടക്കത്തിൽ സി.പി.എം നിലപാട്. എന്നാൽ, ആരോപണങ്ങൾ കൈപൊള്ളിക്കുംവിധം കത്തിയതോടെ മൂന്നാംദിവസം ലൈൻ മാറ്റി. പഴയ കോ-ലീ-ബി സഖ്യവും നേമത്തെ ബി.ജെ.പി വിജയവും ഉയർത്തി മറുപടി പറയാൻ മുഖ്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ഇതോടെ കോൺഗ്രസ് മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് അജണ്ടയിലേക്ക് സി.പി.എം വഴുതിവീണു. പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥിയെ മുൻനിർത്തി വോട്ടുമറിക്കൽ ആരോപണമായിരുന്നു കഴിഞ്ഞ ദിവസം വരെയെങ്കിൽ കണക്കുകളിലേക്ക് കടന്നുള്ള കടന്നാക്രമണമായി തിങ്കളാഴ്ച.
ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിക്കുന്ന രീതി എൻ.ഡി.എ സ്വീകരിച്ചതാണ് ഡീൽ ആരോപണത്തിന് ശക്തിയേകിയത്. ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ 32,000 വോട്ടു നേടിയ കോന്നി ഇത്തവണ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തത് ഡീലിന് തെളിവായി കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. ബി.ജെ.പി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന തൃപ്പൂണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20ക്ക് കൈമാറിയതാണ് മറ്റൊന്ന്. ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ഘടകകക്ഷിയായ ട്വന്‍റി-ട്വന്‍റിക്ക് ബി.ജെ.പി സീറ്റ് നൽകിയതിലും കോൺഗ്രസ് സംശയമുന്നയിക്കുന്നു.
ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമുള്ള ട്വന്‍റി-ട്വന്‍റി സ്ഥാനാർഥിയുടെ നിലപാട് ചൂണ്ടിക്കാട്ടി കൂടിയാണ് സി.പി.എമ്മിനും ബി.ജെ.പിക്കും നേരെ കോൺഗ്രസിന്റെ ചോദ്യമുന. മാത്രമല്ല മാസ്ക്കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും പൂരംകലക്കലും തൃശൂർ സീറ്റിലെ ബി.ജെ.പിയുടെ വിജയവുമെല്ലാം വീണ്ടും ചർച്ചകളിലേക്ക് വലിച്ചിടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കടുത്ത പ്രതികരണങ്ങൾക്ക് മുതിർന്ന ബി.ജെ.പി സംസ്ഥാന നേതൃത്വം തിങ്കളാഴ്ച പക്ഷേ മയപ്പെട്ടു. ചില സമുദായങ്ങളുടെ വോട്ടുനേടാനുള്ള നീക്കമാണ് വിവാദങ്ങളെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ വിശദീകരണം.
ഡീൽ വ്യക്തം -ചെന്നിത്തല
കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിച്ച് സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സി.പി.എം സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും ഇവർ തമ്മിൽ അവിശുദ്ധ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെ ബി.ജെ.പി സ്ഥാനാർഥി നിർണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്റി 20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യു.ഡി.എഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ്. -ചെന്നിത്തല പറഞ്ഞു.
ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍ -കെ.സി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി ഡീല്‍ ഉണ്ടാക്കിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഇതുവരെ സി.പി.എമ്മിന്റെ ക്യാപ്റ്റനായിരുന്ന പിണറായി ഇപ്പോള്‍ ബി.ജെ.പിയുടെ ക്യാപ്റ്റനാണ്. അതിന്റെ ഭാഗമായാണ് പിണറായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. പാലക്കാട്ട് മാത്രമല്ല ഡീലുള്ളത്. എല്ലാം വ്യക്തിതാല്പര്യങ്ങള്ക്കു വേണ്ടിയാണ്- കെ.സി. പറഞ്ഞു.
ഡീൽ അറിയുന്നത് യു.ഡി.എഫിന് -ധനമന്ത്രി
ഡീലിന്റെ കാര്യം വ്യക്തമായി അറിയാവുന്നത് യു.ഡി.എഫിനാണെന്ന് കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ. കൊല്ലം പ്രസ് ക്ലബിൽ ‘വോട്ടും വാക്കും’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലിനെ കുറിച്ച് വ്യക്തമായി അറിയാവുന്നത് പ്രതിപക്ഷ നേതാവിനാണ്. അദ്ദേഹത്തിന് ശ്വാസംമുട്ടൽ വരുമ്പോഴാണ് ഇങ്ങനെ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് കൊല്ലം കോർപറേഷനിൽ ബി.ജെ.പി-കോൺഗ്രസ് ഡീൽ കണ്ടതാണ്. നേമത്തെ തെരഞ്ഞെടുപ്പിനെ പോലും ഗൗരവത്തിൽ കാണാത്തത് ആരാണെന്ന് മന്ത്രി ചോദിച്ചു.
കോൺഗ്രസിന്‍റേത് ഗീബൽസിയൻ നയം -മുഖ്യമന്ത്രി
ഇടതുപക്ഷത്തിന് ബി.ജെ.പിയുമായി ഡീലുണ്ടെന്ന കോൺഗ്രസിന്റെ വാദം പഴയ ഗീബൽസിയൻ സിദ്ധാന്തം പ്രയോഗിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാകാലത്തും രാജ്യത്ത് ബി.ജെ.പിക്കെതിരെ അതിശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണ്. എന്നും കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമായി സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നിലപാടാണോ കോൺഗ്രസ് സ്വീകരിച്ചതെന്ന് പിണറായി ചോദിച്ചു.


