രാഷ്ട്രീയ ലൈനിൽ അനുനയത്തിനില്ല
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം: അയ്യപ്പസംഗമത്തിലെ സർക്കാർ പിന്തുണ സമദൂരത്തിലെ ശരിദൂരമാണെന്ന് എൻ.എസ്.എസ് ആവർത്തിക്കുമ്പോൾ രാഷ്ട്രീയ ലൈനിൽ അനുനയത്തിനില്ലെന്ന സൂചന നൽകി പ്രതിപക്ഷം. എൻ.എസ്.എസിന് അഭിപ്രായം പറയാം, പ്രശ്നങ്ങളുണ്ടെങ്കിൽ ഒന്നിച്ചിരുന്ന് സംസാരവുമാകാം. എന്നാൽ, സമുദായ സംഘടന സർക്കാറിനെ അനുകൂലിക്കുന്നെന്ന് കരുതി പ്രതിപക്ഷം സ്വീകരിച്ച രാഷ്ട്രീയ സമീപനം മയപ്പെടുത്താനാവില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശനിയാഴ്ച മുന്നോട്ടുവെച്ചത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ഇടതുസർക്കാർ തുനിഞ്ഞപ്പോൾ വിശ്വാസ സംരക്ഷണത്തിന് സമരം ചെയ്തത് യു.ഡി.എഫാണെന്ന് ആവർത്തിക്കുന്നത് എൻ.എസ്.എസിനുള്ള പരോക്ഷ മറുപടിയാണ്.
എൻ.എസ്.എസിനെ വിട്ട് സർക്കാറിനെ ഉന്നംവെക്കാനാണ് കോൺഗ്രസ് തീരുമാനം. സർക്കാർ ഭൂരിപക്ഷ കാർഡിറക്കുന്നെന്ന് തുറന്നടിച്ചത് ഇതിന്റെ ഭാഗമായാണ്. മെക്-7 കൂട്ടായ്മ വിഷയത്തിലെയും വയനാട് ഉപതെരഞ്ഞെടുപ്പിലെയും സി.പി.എം നേതാക്കളുടെ വിവാദ പരാമർശങ്ങൾ മുതൽ അയ്യപ്പസംഗമത്തിലെ യോഗി ആദിത്യനാഥിന്റെ ആശംസ സന്ദേശം വരെ ചർച്ചയാക്കാനാണ് ശ്രമം.
സമുദായ സംഘടന നേതാക്കൾ പറഞ്ഞാൽ അണികൾ പൂർണമായി അനുസരിക്കുമെന്ന ധാരണ കോൺഗ്രസിനില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ‘ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു, സാമൂഹികനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകു’മെന്ന് സുകുമാരൻ നായർ പറഞ്ഞിട്ടും ഫലം മറ്റൊന്നായിരുന്നു. എൻ.എസ്.എസിന് സ്വാധീനമുള്ള തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യു.ഡി.എഫിന് ലഭിച്ചത് നാല് സീറ്റ് മാത്രമാണ്.
ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഭരണവിരുദ്ധവികാരം തണുപ്പിക്കാനും ചർച്ചകൾ വഴിമാറ്റാനും ഭരണമുന്നണിക്ക് സഹായകരമാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. രണ്ട് ധ്രുവങ്ങളിലായിരുന്ന എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒരുപോലെ പിന്തുണക്കുന്ന മുന്നണി എന്ന പ്രതീതി മൂലധനമാക്കാനുള്ള എൽ.ഡി.എഫ് ശ്രമവും കോൺഗ്രസ് തിരിച്ചറിയുന്നു. അതിലൂടെ തലവേദനയാകുന്ന ചർച്ചകൾ വഴിമാറ്റാനുള്ള ഇടതുനീക്കങ്ങളെ തടയിട്ടും സമുദായ സംഘടനകൾ ഏത് വിഷയത്തിലാണോ സർക്കാറിനെ പിന്തുണക്കുന്നത് അതേ വിഷയത്തിൽ ചോദ്യങ്ങൾ ആവർത്തിച്ചും മുന്നോട്ടുനീങ്ങാനാണ് കോൺഗ്രസ് ശ്രമം.


