സോളാറിലെ ചട്ടഭേദഗതി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദന മേഖലയിൽ നിർണായകമാകുന്ന കരട് പുനരുപയോഗ ഊർജ ചട്ട ഭേദഗതി പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെയും ഇനി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നവരെയും ചട്ടഭേദഗതി ദോഷകരമായ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാറിൽ സമ്മർദം ചെലുത്താനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷം.
കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിഷയം ഇതിനകം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചട്ടഭേദഗതി പിൻവലിക്കണമെന്ന് സതീശൻ ശനിയാഴ്ചയും ആവശ്യപ്പെട്ടു. അതേസമയം കരട് ചട്ടങ്ങളിൽ തെളിവെടുപ്പ് നടത്തുന്ന റഗുലേറ്ററി കമീഷൻ ഒക്ടോബർ ഒന്നുമുതൽ പുതിയ ബില്ലിങ് രീതി പ്രാബല്യത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.
തെളിവെടുപ്പിൽ സോളാർ വൈദ്യുതോൽപാദകരും ഈ രംഗത്ത് നിക്ഷേപം നടത്തിയ വ്യവസായ സംരംഭകരുമടക്കം പങ്കെടുത്ത് ചട്ടഭേദഗതയിലെ ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ബില്ലിങ് രീതിയിൽ വരുത്തുന്ന മാറ്റം സോളാർ പ്ലാന്റുകൾ നഷ്ടത്തിലാക്കുമെന്നും കേരളത്തിന്റെ പുനരുപയോഗ ഊർജമേഖലയെ പിന്നോട്ടടിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ, സോളാർ വ്യാപനം വരുത്തുന്ന അധികബാധ്യത കണക്കുകൾ സഹിതം തെളിവെടുപ്പിന്റെ ഭാഗമായി കെ.എസ്.ഇ.ബി പുറത്തുവിട്ടത് സൗരോർജ ഉൽപാദകർക്ക് തിരിച്ചടിയായി. പ്രതിവർഷം 500 കോടിയുടെ നഷ്ടം സോളാർ പ്ലാന്റുകൾ മൂലം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടിയ കെ.എസ്.ഇ.ബി, ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കമീഷന് സമർപ്പിച്ചു.
സോളാർ പ്ലാന്റ് ആവശ്യമുള്ളവർ അവ സ്ഥാപിച്ച് വൈദ്യുതി ഉപയോഗിക്കുന്നതിന് എതിർപ്പില്ലെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി ഗ്രിഡിലേക്ക് സ്വീകരിക്കാൻ കഴിയില്ലെന്നുമാണ് കെ.എസ്.ഇ.ബി വാദം. പകൽ സോളാർ പ്ലാൻറുകളിൽനിന്ന് വലിയതോതിൽ വൈദ്യുതി ഗ്രിഡിലേക്ക് എത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. സോളാർ വൈദ്യുതോൽപാദകരുടെ പരാതികൾക്കൊപ്പം കെ.എസ്.ഇ.ബി ഉന്നയിക്കുന്ന പ്രശ്നങ്ങൾകൂടി പരിശോധിച്ചാവും അന്തിമ ചട്ടഭേദഗതി കമീഷൻ പ്രസിദ്ധീകരിക്കുക.
ജനവിരുദ്ധ തീരുമാനത്തില്‍നിന്ന് പിന്മാറണം -വി.ഡി. സതീശൻ
തിരുവനന്തപുരം: പുനരുപയോഗ ഊർജ ചട്ടഭേദഗതി നിലവില്‍വന്നാല്‍ സംസ്ഥാനത്ത സോളാര്‍ പ്ലാന്റുകൾ പൂട്ടേണ്ടിവരുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മൂന്ന് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാൻ ത്രീ ഫേസ് കണക്ഷന് വേണമെന്നും അഞ്ച് കിലോവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നര്‍ 30 ശതമാനം ബാറ്ററിയില്‍ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയിലെ നിർദേശം.
ഉല്പാദിപ്പിക്കുന്ന ഓരോ യൂനിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ.എസ്.ഇ.ബിക്ക് ചുങ്കം നല്‍കണമെന്നും മൂന്ന് കിലോ വാട്ടിന് മുകളില്‍ ഉല്പാദിപ്പിക്കുന്നവര്ക്ക് നെറ്റ് മീറ്ററിങ് ഏര്‍പ്പെടുത്തണമെന്നും നിർദേശമുണ്ട്. വിപണിയില്‍ ലഭ്യമല്ലാത്ത രണ്ട് കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കണമെന്നും ആവശ്യമുണ്ട്. ഇതിനുപിന്നിൽ അഴിമതിയുണ്ടെന്ന് വേണം കരുതാന്‍. -അദ്ദേഹം പറഞ്ഞു.