മലപ്പുറം കാലടി വില്ലേജിൽ 67 സെന്റ് "റോഡ് പുറമ്പോക്ക്" പതിച്ച് നൽകാൻ ഉത്തരവ്
text_fieldsകോഴിക്കോട്: മലപ്പുറം പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ 67 സെന്റ് "റോഡ് പുറമ്പോക്ക്" പതിച്ച് നൽകാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. പോത്തന്നൂർ അംശം ദേശീയപാത പുറമ്പോക്കിൽ സർവേ നമ്പർ 47ൽ ഉൾപ്പെട്ട 0.1513 ഹെക്ടറും സർവേ 43ൽ ഉൾപ്പെട്ട 0.1235 ഹെക്ടറും ഭൂമിയാണ് പതിച്ച് നൽകുന്നത്.
1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള സർക്കാരിന്റെ സവിശേഷാധികാരം വിനിയോഗിച്ചാണ് പതിവ്. ഭൂമിയുടെ ഇനം മാറ്റി തരിശാക്കി അർഹതയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള കൈവശക്കാർക്ക് പതിച്ചു നൽകുന്നതിന് മലപ്പുറം കലക്ടർക്ക് അനുമതി നൽകിയാണ് ഉത്തരവ്.
കാലടി വില്ലേജിൽ പോത്തന്നൂർ അംശം റീസർവേ 43, 47 എന്നിവയിൽ ഉൾപ്പെട്ട നരിപ്പറമ്പ് ദേശീയ പാത പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കുന്നതു സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഈ ഭൂമി 60 വർഷം മുൻപ് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൊന്നുംവിലക്ക് ഏറ്റെടുത്തതാണ്.
ദിശ മാറ്റി ദേശീയ പാത നിർമിച്ചപ്പോൾ ഈ ഭൂമിയും പുതിയ ദേശീയ പാതയും തമ്മിൽ 500 മീ. അകലത്തിലായി. പൊന്നും വിലക്ക് ഏറ്റെടുത്ത ഭൂമി ആയതിനാൽ എൻ.ഒ.സി നൽകുവാൻ സാധിക്കില്ലെന്നും, വില ഈടാക്കി കേരള സർക്കാരിന് വിട്ടുനൽകുവാൻ തയാറാണെന്നും ദേശീയ പാത അതോറിറ്റി കേരള റീജിയണൽ ഓഫീസർ അറിയിച്ചുവെന്നും കമീഷണർ റിപ്പോർട്ട് ചെയ്തു.
ഈ ഭൂമിയിൽ 45 വർഷമായി വീട് വച്ച് താമസിച്ച് വരുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നത് പരിഗണനാർഹമാണ്. ആകെ റോഡ് പുറമ്പോക്കിൽ 0.1015 ഹെക്ടർ ഭൂമി കൈവശക്കാർ ഉപയോഗിക്കുന്ന വഴിയായിത്തന്നെ നിലനിൽക്കുന്നുണ്ടെന്നും കൈവശക്കാരെ ഒഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും പൊന്നാനി തഹസിൽദാർ റിപ്പോർട്ട് ചെയ്തുവെന്നും കമീഷണർ അറിയിച്ചു.
ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റിയുമായി മന്ത്രി യോഗം നടത്തി. അതിൽ നിരാക്ഷേപപത്രം നൽകുന്നതിൽ എതിർപ്പില്ലെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ അറിയിച്ചു. തുടർന്ന്, പഴയ എൻ.എച്ച് 17 ന്മേൽ എൻ.എച്ച് എ.ഐക്ക് യാതൊരു അവകാശവുമില്ലെന്ന് റീജിയണൽ ഓഫീസർ അറിച്ചു. തുടർന്ന്, റീസർവേ 43 ൽ 0.1235 ഹെക്ടർ ഭൂമിയിലേയും റീസർവേ 47 ൽ 0.1513 ഹെക്ടർ ഭൂമിയിലേയും കൈവശക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് "റോഡ് പുറമ്പോക്ക്" ഇനത്തിൽപ്പെട്ട ഈ ഭൂമിയുടെ ഇനം മാറ്റുന്നത് സംബന്ധിച്ച തീരുമാനം സർക്കാർ തലത്തിൽ എടുക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചത്.