Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തു വർഷം;...

പത്തു വർഷം; സംസ്ഥാനത്ത് പിടികൂടിയത് 30,000 കിലോയിലധികം കഞ്ചാവ്

text_fields
bookmark_border
പത്തു വർഷം; സംസ്ഥാനത്ത് പിടികൂടിയത് 30,000 കിലോയിലധികം കഞ്ചാവ്
cancel

തൊടുപുഴ: സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് ഒഴുക്കും ലഹരി ഉപയോഗവും ഒരു ദശകത്തിനിടെ കുത്തനെ ഉയർന്നതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ. 2016 മുതൽ 2026 മേയ് 17 വരെ കാലയളവിൽ മാത്രം 30,411 കിലോയിലധികം കഞ്ചാവാണ് എക്സൈസ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. ലഹരിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് പരിശോധനകൾ ശക്തമാക്കിയെന്നാണ് എക്സൈസ് അവകാശപ്പെടുന്നതെങ്കിലും, വിപണിയിലെത്തുന്ന ലഹരിമരുന്നിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

2016ൽ 1,012.32 കിലോ കഞ്ചാവ് പിടിച്ചെടുത്ത സ്ഥാനത്ത് 2020 ആയപ്പോഴേക്കും അത് 3,209.29 കിലോയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവ് വേട്ട നടന്നത് 2021ലാണ്. -5,632.6 കിലോ.

2022ൽ 3,602.31 കിലോയും 2023ൽ 3,027.17 കിലോയും 2024ൽ 3,953.238 കിലോയും കഞ്ചാവ് പിടിച്ചെടുത്തു. 2025ൽ ഇത് 2,692.39 കിലോ ആയിരുന്നു. ഈ വർഷം മേയ് മധ്യത്തോടെ തന്നെ 1,238.35 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തുകഴിഞ്ഞു.

സംസ്ഥാനത്ത് വനമേഖലകൾ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി നടക്കുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ, റബർ തോട്ടങ്ങൾ, കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ, റോഡ് പുറമ്പോക്ക് എന്നിവിടങ്ങളിൽ നടക്കാൻ സാധ്യതയുള്ള കഞ്ചാവ് കൃഷി തുടക്കത്തിലേ കണ്ടെത്തി തടയാനുള്ള മുൻകരുതൽ നടപടി എക്സൈസ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഞ്ചാവ് കൃഷി പൂർണമായും തടയുന്നതിനും, കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിനും, അതിനു പിന്നിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി എക്സൈസ് ഓപറേഷൻ ഗ്രീൻ ലീഫ് എന്ന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബർ അഞ്ചു മുതൽ ആരംഭിച്ച റെയ്ഡിൽ ആയിരത്തിനടുത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

വനപാലകരുടെയും സായുധ പൊലീസിന്റെയും സഹായത്തോടെ കാടുകൾക്കുള്ളിൽ സംയുക്ത പരിശോധന നടന്നുവരുകയാണ്. ഇതിനായി വനപ്രദേശം ഉൾപ്പെടുന്ന ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ, അതത് ജില്ല കലക്ടർമാർ, മുഖ്യ വനപാലകർ, പൊലീസ് മേധാവികൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട് വൻതോതിലുള്ള സംയുക്ത റെയ്ഡുകൾ ഏകോപിപ്പിച്ചു വരുകയാണെന്ന് എക്സൈസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kerala local news Crime News Cannabis seized operation Excise Department 
News Summary - Over 30,000 Kg of Ganja Seized in Kerala Over a Decade
Next Story