പ്രിയദർശിനി സർവിസ്; ബസിന് മുന്നിൽ ദോശ ചുട്ട് ഉടമകൾ
text_fieldsസ്വകാര്യ ബസുടമകള്‍ തോപ്പുംപടിയില്‍ ദോശ ചുട്ട് സമരം നടത്തുന്നു
മട്ടാഞ്ചേരി: പ്രിയദർശിനി പദ്ധതി മൂലം തകർന്ന ബസ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിൽ ബസിനു മുന്നിൽ ദോശ ചുട്ട് ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചു. കൊച്ചി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളാണ് ദോശ ചുട്ട് സമരം നടത്തിയത്.
നിലവിലെ പ്രതിസന്ധി തുടർന്നാൽ തങ്ങളുടെ ബസുകൾ തട്ടുകടകളാക്കി മാറ്റേണ്ടി വരുമെന്ന സന്ദേശമാണ് ബസിനു മുന്നിൽ ദോശ ചുട്ട് ഇവർ വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയ്ക്ക് എതിരല്ലെന്നും എന്നാല്‍ ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി ചുരുക്കണമെന്നുമാണ് ബസുടമകള്‍ പറയുന്നത്. സമരം സാഹിത്യകാരൻ എം.വി ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് ലാലൻ അധ്യക്ഷത വഹിച്ചു. രാമ പടിയാർ, കെ.ബി സുനീർ, കെ.എം സിറാജ്, ബി.ഒ ഡേവിസ്, എ.പി. നവാസ്, കെ. അലി, എ.പി പ്രസീത, എ. മൺസൂർ, സോണി ഫ്രാൻസിസ്, ഷിജു ചിറ്റേപ്പള്ളി എന്നിവർ സംസാരിച്ചു.


