Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധികാരത്തിന് പിന്നാലെ...

അധികാരത്തിന് പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാർ; വഖഫ് ബോർഡിൽ മെംബറായാൽ പാണക്കാട് തങ്ങളെയും തെറിപറയാമെന്ന് ചിലർ കരുതുന്നുവെന്ന് പികെ ഫിറോസ്

text_fields
bookmark_border
https://www.madhyamam.com/tags/pk-firos
cancel
camera_alt

പി.കെ. ഫിറോസ്

പാലക്കാട്: വർഗീയവാദികളായ സമുദായ നേതാക്കളോട് കോംപ്രമൈസ് ഇല്ലെന്നും വേഷം കൊണ്ട് മാത്രം ഒരാൾ പണ്ഡിതനാകണമെന്നില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ. അധികാരത്തിന് പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാരെന്നും സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്നവർ എത്ര വലിയ തമ്പുരാനാണെങ്കിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പാലക്കാട് ജില്ല സമ്മേളനത്തിലായിരുന്നു ഫിറോസിന്‍റെ വിമർശനം.

‘സമുദായത്തിനകത്തും സമൂഹത്തിനകത്തും ഭിന്നതയുണ്ടാക്കുന്നവരുമായി ഒരു തരത്തിലുമുള്ള കോംപ്രമൈസ് നമുക്കില്ല. അത് സമുദായ നേതാക്കന്മാരായിരുന്നാലും ശരി. വർഗീയവാദികളായ സമുദായനേതാക്കൾ, അവരെത്ര തമ്പുരാക്കന്മാരായിരുന്നാലും കോംപ്രമൈസ് ഇല്ലെന്ന് പറയേണ്ട ഉത്തരവാദിത്തം യൂത്ത് ലീഗുകാർക്കുണ്ട്’ -ഫിറോസ് വ്യക്തമാക്കി.

സമാധാനത്തോടെ ജീവിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർ വന്നിട്ട് ഭിന്നിപ്പുണ്ടാക്കാൻ നോക്കും. നമ്മൾ അവരെ വിമർശിക്കും. എന്നാൽ, വിമർശിക്കുമ്പോൾ അവർ പറയും, പണ്ഡിതനാണ്, സമുദായനേതാവാണ് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ആരാണ് പണ്ഡിതൻ? വേഷം കൊണ്ടാണോ ഒരാൾ പണ്ഡിതനാകുന്നത്? ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി പണ്ഡിതനായ ഡയോജനിസിനെ കാണാൻ വേണ്ടി പോകുന്നുണ്ട്. ഡയോജനീസ് ഒരു കുടുസ്സുമുറിയിലിരുന്നിട്ട് ജനലിലൂടെ വരുന്ന വെളിച്ചം നോക്കി തന്റെ പുസ്തകം ഇങ്ങനെ വായിച്ചുകൊണ്ടിരിക്കുകയാണ്.

ജ്ഞാനവൃദ്ധനായ ഡയോജനിസിനോട് ലോകം കീഴടക്കി വന്ന അലക്സാണ്ടർ ചക്രവർത്തി ചോദിച്ചു, ‘അങ്ങേക്ക് എന്താണ് ഞാൻ തരേണ്ടത്?’ ഡയോജനിസിന്റെ ഒരു മറുപടിയുണ്ട്, ‘നിങ്ങളൊന്ന് മാറി നിന്നാൽ മതി, ആ വെളിച്ചമങ്ങോട്ട് വരട്ടെ, എന്റെ പുസ്തകമൊന്ന് വായിക്കട്ടെ’. ഒരു പണ്ഡിതന്റെ അടയാളമാണത്. എന്നാൽ ചിലരോ? വഖഫ് ബോർഡിൽ മെംബർസ്ഥാനം തന്നാൽ മതി, പാണക്കാട് തങ്ങളെയും തെറി പറയാം. അധികാരത്തിന്റെ പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാർ. അവർ നടപ്പിലും നിൽപ്പിലും വർത്തമാനത്തിലുമൊക്കെ ആ പാണ്ഡിത്യം കാണിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

നേരത്തെ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്‍റെ വിവാദ പ്രസ്താവനകളും തുടർന്നുണ്ടായ ആഭ്യന്തര തർക്കങ്ങളും വലിയ ചർച്ചാവിഷയമായിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആർ.എസ്.എസുകാരെ വഖഫ് ബോർഡ് അംഗങ്ങളാക്കുമെന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം.

Show Full Article
TAGS:P K Firos youth league Religious scholar criticism 
Next Story