തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്റ്റ്; 60 ലക്ഷം രൂപ തട്ടിയ മൂന്നു പേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സുനീജ്, അശ്വിൻ രാജ്, മുഹമ്മദ് ഷെഫീഖ്
മേലാറ്റൂർ (മലപ്പുറം): രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.
മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായി സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ് എന്ന സുനീജ് മോൻ (38), തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ വീട്ടിൽ അശ്വിൻ രാജ് (27), പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (29) എന്നിവരാണ് പിടിയിലായത്.
മേലാറ്റൂർ പൊലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസാണ് കഴിഞ്ഞദിവസം മേലാറ്റൂരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തീവ്രവാദ ബന്ധമാരോപിച്ചാണ് രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 60,08,794 രൂപ തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
രാജസ്ഥാൻ ജോധ്പുർ സൈബർ പൊലീസ് ഇൻസ്പെക്ടർ തേജ് കരൻ ഉൾപ്പെടുന്ന രാജസ്ഥാൻ പൊലീസ് സംഘവും മേലാറ്റൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ.സി. മനോജ് കുമാർ, എസ്.ഐ പ്രദീപ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ മൻസൂർ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, പൊലീസുകാരായ സുബിൻ, അനിത, ഹോം ഗാർഡ് ജോൺ എന്നിവരുമാണ് പ്രതികളെ പിടികൂടിയത്.


