സി.പി.എം ‘പത്മവ്യൂഹ’ത്തിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണക്കൊള്ളയിൽ മുതിർന്ന നേതാവ് എ. പത്മകുമാർ അറസ്റ്റിലായത് സി.പി.എമ്മിനെ അക്ഷരാർഥത്തിൽ പത്മവ്യൂഹത്തിലാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എന്നതിനപ്പുറം പത്തനംതിട്ട ജില്ല രൂപവത്കരിച്ചതുമുതൽ പാർട്ടി ജില്ല കമ്മിറ്റി അംഗമാണദ്ദേഹം. പോരാത്തതിന് മുൻ എം.എൽ.എയും. അതിനാൽതന്നെ സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്നിനി സി.പി.എമ്മിനും സർക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.
നേതാവിന്‍റെ അറസ്റ്റോടെ ഉദ്യോഗസ്ഥതല അഴിമതിയെന്ന പാർട്ടി വാദം പൊളിഞ്ഞ് സി.പി.എമ്മിന്‍റെ രാഷ്ട്രീയ അഴിമതിയായി സ്വർണക്കൊള്ള മാറുകയും ചെയ്തു.
രാഷ്ട്രീയ നിയമനമൊഴിവാക്കി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ബോർഡ് പ്രസിഡന്‍റാക്കി സ്വർണക്കൊള്ള വിവാദത്തിൽ നിന്ന് തലയൂരവെയാണ് ശബരിമല നിലകൊള്ളുന്ന പത്തനംതിട്ടയിലെ തന്നെ പാർട്ടി മുഖമായ നേതാവ് പിടിയിലായത് എന്നതാണ് പ്രധാനം.
യുവതി പ്രവേശന വിധിക്കുപിന്നാലെ ശബരിമല വിവാദഭൂമിയായശേഷമുള്ള തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് സി.പി.എം നേരിട്ടത്. ആ നിലക്ക് അയ്യപ്പന്‍റെ സ്വർണം അപഹരിച്ചതും നേതാവ് അറസ്റ്റിലായതും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്ത് ആഘാതം സൃഷ്ടിക്കുമെന്ന് കണ്ടറിയണം.


