പഹൽഗാം ഭീകരാക്രമണം: സുദാസിന് രക്ഷയായത് കുതിരസവാരിക്കിടെ സംഭവിച്ച വീഴ്ച
text_fieldsപഹൽഗാമിൽ കുതിര സവാരിക്കിടെ സുദാസ്
തളിപ്പറമ്പ്: ജമ്മു-കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പാലകുളങ്ങര സ്വദേശി സുദാസ് കണ്ണോത്തും കുടുംബവും. പഹൽഗാമിൽ കുതിര സവാരിക്കിടെയുണ്ടായ അപകടമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് തളിപ്പറമ്പിലെ ആധാരം എഴുത്തുകാരനും മോട്ടിവേഷനൽ ട്രെയിനറുമായ സുദാസ് കണ്ണോത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭാര്യയും മകനും അടക്കം മൂന്നുപേരാണ് ഏപ്രിൽ 18ന് ടൂർ പാക്കേജ് മുഖേന കണ്ണൂരിൽനിന്ന് ശ്രീനഗറിൽ എത്തിയത്. സുദാസും കുടുംബവും മൂന്നുദിവസം അവിടെ സഞ്ചരിച്ച് സ്ഥലങ്ങൾ കണ്ടശേഷമാണ് തിങ്കളാഴ്ച പഹൽഗാമിൽ എത്തുന്നത്. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം 22ന് ഡ്രൈവറുടെയും ഗൈഡിന്റെയും നിർദേശ പ്രകാരം 11.30ന് കുതിരസവാരിക്ക് പോവുകയായിരുന്നു. കുതിരസവാരിക്കിടയിൽ തെന്നിവീണ സുദാസിന്റെ ദേഹത്തും വസ്ത്രത്തിലും ചളിപുരണ്ടതോടെ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു.
ഇവർ ഇവിടെനിന്നും തിരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ ഇവർ വീട്ടിൽ തിരിച്ചെത്തി.