സി. കൃഷ്ണകുമാർ കേരള തൊഗാഡിയയെന്ന് ഡി.വൈ.എഫ്.ഐ; 'പാലക്കാട് ഇന്ന് കരോൾ നടത്തും, ആർ.എസ്.എസ് തടയാൻ വന്നാൽ പ്രതിരോധിക്കും'
text_fieldsപാലക്കാട്: കഞ്ചിക്കോട് കരോൾ സംഘത്തെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. കരോൾ സംഘത്തെ ആക്രമിച്ചവരെ പരസ്യമായി പിന്തുണച്ച സി. കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയയാണെന്ന് ഡി.വൈ.എഫ്.ഐ.
ഒരു വശത്ത് ക്രിസ്റ്റ്യൻ ഔട്ട്റീച്ച് ക്യാമ്പയിനെന്ന പേരിൽ കേക്കുമായി അരമനയിലും, പള്ളികളിലും കയറിയിറങ്ങുന്ന ബി.ജെ.പിയുടെയും കൃഷ്ണകുമാറിന്റെയും യഥാർഥ മുഖമാണ് 14 വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ കരോൾ സംഘത്തെ പോലും തടഞ്ഞു നിർത്തി മാരകമായി മർദിച്ച നിരവധി ക്രിമിനൽ കേസ് പ്രതിയും പ്രദേശത്തെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയുമായ ആർ.എസ്.എസ് നേതാവിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതിലൂടെ കൂടുതൽ വ്യക്തമായതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
പ്രസ്താവനയിൽ ആർ.എസ്.എസ് അതിക്രമത്തെ തള്ളിപ്പറയാനോ അപലപിക്കാനോ തയാറാവാത്ത കൃഷ്ണകുമാർ ആക്രമണത്തിൽ പരിക്കേറ്റ കൊച്ചു കുട്ടികളെ മദ്യപാനികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചതിലൂടെ അദ്ദേഹം എത്ര തരംതാണ വർഗീയ വാദിയാണെന്ന് വ്യക്തമാവുന്നു. എന്നാൽ, ആർ.എസ്.എസിന്റെ ഈ ഭീഷണിക്ക് മുന്നിൽ കേരളം കീഴടങ്ങില്ല.
ഇവിടെ എല്ലാ ആഘോഷങ്ങളും മതങ്ങൾക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും, ജില്ലയിൽ 2500 യൂനിറ്റിലും ക്രിസ്മസ് കരോൾ സംഘടിപ്പിക്കുമെന്നും അതിനെതിരെ ആർ.എസ്.എസ് ഭീഷണിയുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.


