പാലത്തായി: പൊലീസ് തിരക്കഥക്കേറ്റ പ്രഹരം
text_fieldsപ്രതി കുനിയിൽ പത്മരാജൻ
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കൂടിയായ സ്കൂൾ അധ്യാപകൻ കുനിയിൽ പത്മരാജൻ കുറ്റക്കാരനെന്ന തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതിയുടെ കണ്ടെത്തൽ പൊലീസിനേറ്റ പ്രഹരം. അധ്യാപകനിൽനിന്നുണ്ടായ ലൈംഗികാതിക്രമം അതിജീവിത ഉന്നയിച്ച അന്നുമുതൽ അട്ടിമറിക്കാൻ പൊലീസ് സംവിധാനം ഒന്നടങ്കമെത്തി.
പീഡനമേറ്റ തീയതി മാറ്റൽ, പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി നീളുന്നതാണ് ഈ അട്ടിമറി ശ്രമങ്ങൾ. 2020 മാർച്ച് 17നാണ് അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനതീയതി കുട്ടിക്ക് ഓർമയില്ലാത്തതിനാൽ ആ ദിവസം പൊലീസ് കൃത്രിമമായി സൃഷ്ടിച്ചതാണ് അട്ടിമറിയുടെ തുടക്കം. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി പാനൂർ പൊലീസ് എഫ്.ഐ.ആറിട്ടു. ജനകീയ പ്രതിഷേധം കാരണമാണ് പ്രതിയെ ദിവസങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തത്. ദുർബല വകുപ്പുകൾ ചേർത്തി കുറ്റപത്രം നൽകിയതിനാൽ 90 ദിവസത്തിനുശേഷം പ്രതിക്ക് ജാമ്യം കിട്ടി.
പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കഥയാണ് പൊലീസ് തയാറാക്കിയത്. പീഡിപ്പിക്കപ്പെട്ട ദിവസം പ്രതി ഉമ്മത്തൂർ എന്ന പ്രദേശത്താണ് ഉണ്ടായിരുന്നത് എന്നാണ് പൊലീസ് റിപ്പോർട്ട്. സ്കൂളിനു സമീപം അന്ന് മൊബൈൽ ടവറുണ്ടായിരുന്നില്ലെന്നും അധ്യാപകൻ സ്കൂളിൽ എത്തിയ ദിവസവും ടവർ ലൊക്കേഷൻ ഉമ്മത്തൂരായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.
കുട്ടി സ്കൂളിൽ ഹാജരാവാത്ത ദിവസം ഹാജർ പട്ടികയിൽ രേഖപ്പെടുത്തിയും അട്ടിമറി ശ്രമമുണ്ടായി. ഉച്ചക്കഞ്ഞി ഫണ്ട് പാഴാവാതിരിക്കാൻ എന്നായിരുന്നു ന്യായം. പൊലീസ് റിപ്പോർട്ടിലെ വൈരുധ്യങ്ങൾ മാതാവ് ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണസംഘത്തെ മാറ്റാൻ ഹൈകോടതി ഇടപെട്ടത്.


