അയ്യപ്പസംഗമംകൊണ്ട് ഭക്തർക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ‘2018 ലെ നാമജപ ഘോഷയാത്ര കേസുകൾ ഉടൻ പിൻവലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല’
text_fieldsപന്തളം: സെപ്റ്റംബർ 20ന് പമ്പയിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തർക്ക് എന്ത് ഗുണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം. ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണമെന്നും കൊട്ടാരം നിർവാഹകസംഘം ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് വർമ പറഞ്ഞു
‘2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018 ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുവാനും അവരെ വിശ്വാസത്തിൽ എടുത്തും അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട് ഭക്തരുടെ വിശ്വാസങ്ങൾക്ക് കോട്ടം വരാതെ സംരക്ഷിച്ചെങ്കിൽ മാത്രമേ അയ്യപ്പ സംഗമത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കാൻ കഴിയു. യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാരും ദേവസ്വം ബോർഡും നിലപാട് തിരുത്തി ആചാരം സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്കൊപ്പം എക്കാലവും കൊട്ടാരം ഉണ്ടാകുമെന്നും സുരേഷ് വർമ പറഞ്ഞു.