മാതാപിതാക്കൾ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചു
text_fieldsകാടാമ്പുഴ(മലപ്പുറം) : പ്രതിരോധ വാക്സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് 14 മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചതായി ആരോപണം. കോട്ടക്കൽ പുതുപ്പറമ്പ് നോവപ്പടിയിലെ വാടകവീട്ടിൽ താമസിക്കുന്ന പാങ്ങ് പടിഞ്ഞാറ്റുംമുറി കോട്ടക്കാരൻ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകൻ ഇസൻ ഇർഹാനാണ് മരിച്ചത്. കുഞ്ഞിന് നേരത്തേ മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും ആവശ്യമായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഇവർ താമസിക്കുന്ന കോട്ടക്കൽ പുതുപ്പറമ്പ് വാടക വീട്ടിലാണ് കുഞ്ഞ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ പാങ്ങിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് വെച്ചതിനുശേഷം ശനിയാഴ്ച രാവിലെ 8.45ഓടെ പാങ്ങ് പടിഞ്ഞാറ്റുംമുറി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് സംഭവം പുറംലോകം അറിഞ്ഞതോടെ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നിയമപ്രകാരമുള്ള നടപടികൾ പാലിക്കാതെയാണ് മറവ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുത്തു. അപസ്മാരത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം പറയുന്നു.
പൊലീസ് നിർദേശപ്രകാരം വൈകീട്ട് അഞ്ചോടെ ഖബറിടത്തിൽനിന്ന് മൃതദേഹം പുറത്തെടുത്തു. വൈകീട്ട് ആറോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഇസെൽ അയിഷാനാണ് മരിച്ച കുഞ്ഞിന്റെ സഹോദരി. മാതാവ് അക്യുപങ്ചർ പ്രചാരകയാണ്. 2024 ജൂണിലാണ് ഇവർ പുതുപ്പറമ്പിൽ താമസമാരംഭിച്ചത്. മരിച്ച കുട്ടിക്ക് ജൂൺ ആദ്യവാരം മഞ്ഞപ്പിത്തം പിടിപെട്ടതായി പാങ്ങ് മെഡിക്കൽ ഓഫിസർ ഡോ. ഷംസുദ്ദീൻ മലപ്പുറം ഡി.എം.ഒക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഏതാനും ദിവസമായി കുട്ടി പനിബാധിതനായിരുന്നു. മാതാപിതാക്കൾ ആവശ്യമായ ചികിത്സ നൽകിയിരുന്നില്ല.
പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിരുന്നില്ല. ശനിയാഴ്ച സ്ഥലത്ത് പോയി അന്വേഷണം നടത്തിയാണ് പാങ്ങ് മെഡിക്കൽ ഓഫിസർ ഡി.എം.ഒക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ട നടപടികൾ ഞായറാഴ്ച മഞ്ചേരി മെഡിക്കൽ കോളജിൽ നടക്കും.