Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർവതി മായയും കൂട്ടു...

പാർവതി മായയും കൂട്ടു പ്രതികളും തട്ടിച്ച പണം വിദേശത്തേക്ക് കടത്തി; അന്വേഷണം ഇ.ഡിക്ക്

text_fields
bookmark_border
പാർവതി മായയും കൂട്ടു പ്രതികളും തട്ടിച്ച പണം വിദേശത്തേക്ക് കടത്തി; അന്വേഷണം ഇ.ഡിക്ക്
cancel
camera_alt

പാർവതി മായ


കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയ സംഭവത്തിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയേക്കും. പിടിയിലായ ‘ആംസ്റ്റർ’ സ്ഥാപനങ്ങളുടെ ഉടമ പാർവതി മായയും കൂട്ടു പ്രതികളും 300ഓളം പേരിൽനിന്നായി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ഇ.ഡിക്ക് കൈമാറുന്നത്. പൂർണ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും.

നിലവിൽ 25ഓളം പരാതികൾ പാലാരിവട്ടം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ 300ഓളം പേരിൽനിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതി നൽകിയ വരിൽനിന്ന് ലഭിച്ച രസീതുകളും മറ്റും വെച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാൽ വിദേശത്തേക്ക് കടത്തിയ പണം സംബന്ധിച്ച അന്വേഷണത്തിന് പൊലീസിന് പരിമിതികളുണ്ട്. ഇതേതുടർന്നാണ് അന്വേഷണം ഇ.ഡിക്ക് കൈമാറാൻ ആലോചിക്കുന്നത്.

പാർവതി മായക്ക് പുറമെ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ വിദേശത്തേക്ക് കടന്നതായാണ് കരുതുന്നത്. അതേസമയം, പൊലീസിൽ പരാതിയുമായി വരുന്നവർക്ക് പണം മടക്കി നൽകി കേസിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതി ജാമ്യം പരിഗണിച്ചപ്പോൾ പണം മടക്കി നൽകാൻ തയാറാണെന്ന് കോടതിയെയും അറിയിച്ചിരുന്നു.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമീനിയയിൽ ഒന്നര ലക്ഷം രൂപ മാസം ശമ്പളം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും പോളണ്ടിൽ ജോലി വാഗ്ദനം ചെയ്ത് കുന്നത്തുനാട് സ്വദേശിയിൽനിന്ന് ആറ് ലക്ഷം രൂപയും തട്ടിയെന്ന കേസിലാണ് പാർവതി മായ പിടിയിലായത്.

Show Full Article
TAGS:ED Investigation 
News Summary - Parvathy Maya and co-accused smuggled the extorted money abroad; ED takes over the investigation
Next Story