പൊലീസ് വാഹനം ജീപ്പിടിപ്പിച്ച് തകർത്ത സജീവ് കിടന്നുറങ്ങിയത് നൂറോളം നായ്ക്കളുടെ കാവലിൽ; തലമൊട്ടയടിച്ചു, താടിയും വടിച്ചു
text_fieldsപത്തനാപുരം: പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ പിടിയിലായ സജീവിനെ വലയിലാക്കിയത് സാഹസികമായി. തെങ്കാശിയിൽ സജീവ് കഴിഞ്ഞത് നൂറോളം നായ്ക്കളുടെ കാവലിലായിരുന്നു. തിരിച്ചറിയാതിരിക്കാൻ തലമൊട്ടയടിക്കുകയും താടി വടിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രവളപ്പില്‍ അതിക്രമിച്ച് കയറി സത്യൻമുക്ക് സ്വദേശി ദേവൻ സജീവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രമുറ്റത്ത് കിടന്ന വാനും പിക്കപ്പും തകര്‍ത്ത ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് വാഹനം ഉൾപ്പെടെ ജീപ്പിടിപ്പിച്ച് തകർത്ത് രക്ഷപ്പെടുകയായിരുന്നു. ശേഷം സജീവ് പോയത് മൂവാറ്റുപുഴയിലേക്കാണ്. അവിടെ വർക്ഷോപ്പിൽ ജീപ്പിന്‍റെ ബമ്പർ ശരിയാക്കാൻ കൊടുത്തു.
ശേഷം അവിടെ നിന്നും തെങ്കാശിയിലേക്ക് പോയി. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ജീപ്പ് മൂവാറ്റുപുഴയിലെ വർക്ഷോപ്പിൽ പണിക്ക് കയറ്റിയ വിവരം പൊലീസിന് ലഭിക്കുന്നത്.
ബുധനാഴ്ച രാത്രിയോടെ മൂവാറ്റുപുഴയിലെത്തിയ പൊലീസ് സംഘം ജീപ്പ് തിരിച്ചറിഞ്ഞു. ഇതിനിടെ സജീവ് മറ്റുള്ളവരുടെ മൊബൈൽ മാറി മാറി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനെ പിന്തുടർന്നാണ് പൊലീസ് തെങ്കാശിയിൽ എത്തിയത്. അവിടെ ഒരു മാവിൻതോട്ടത്തിലെ കാവൽപ്പുരയിലായിരുന്നു സജീവ് കഴിഞ്ഞത്. പൊലീസ് അവിടെയെത്തിയപ്പോൾ നൂറോളം നായ്ക്കൾ പൊലീസിനു മുന്നിൽ ഓടിയെത്തി.
മരക്കഷണങ്ങളും മറ്റും ഉപയോഗിച്ച് നായ്ക്കളെ ഓടിച്ച പൊലീസ് സംഘം മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യംകണ്ടു. സജീവൻ ഉറങ്ങിക്കിടന്ന കാവൽപ്പുരയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ തല മൊട്ടയടിക്കുകയും മീശ വടിക്കുകയും ചെയ്തിരുന്നു.
എതിർക്കാൻ തുനിഞ്ഞ സജീവിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അറിയാതെ പറ്റിപ്പോയതാണ് സാറെ എന്ന് ഒടുവിൽ കൈകൂപ്പികൊണ്ട് സജീവൻ പറഞ്ഞു. ഒരു കാലത്ത് പത്തനാപുരത്തെ വിറപ്പിച്ച ‘ദേവൻ സജീവ്’ ആണ് ഒടുവിൽ അഴിക്കുള്ളിലായിരിക്കുന്നത്.


