മാവടിയിൽനിന്ന് മന്ത്രിപദത്തിലേക്ക് പി.സി. വിഷ്ണുനാഥ്
text_fieldsകൊല്ലം: കൊട്ടാരക്കരയിലെ മാവടി എന്ന ചെറുഗ്രാമത്തിൽനിന്ന് സംസ്ഥാന മന്ത്രിപദത്തിലേക്ക്, ഓരോ ചുവടിലും രാഷ്ട്രീയം നിറഞ്ഞുനിൽക്കുന്ന യാത്ര. പി.സി. വിഷ്ണുനാഥ് എന്ന യുവനേതാവിന്റെ ആദ്യ മന്ത്രിസ്ഥാനത്തിലേക്കുള്ള പ്രയാണത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പൂവറ്റൂർ മാവടിയിൽ പാലോട്ടു വീട്ടില് ചെല്ലപ്പൻ പിള്ള- ലീല സി. പിള്ള ദമ്പതികളുടെ മകൻ.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ പഠനം തുടങ്ങിയ വിഷ്ണുനാഥ് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായി. യൂനിറ്റ് സെക്രട്ടറി, തുടർ വർഷങ്ങളിൽ ആർട്സ് ക്ലബ് സെക്രട്ടറി, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ. 2001ൽ കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗമായി. 2001ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. 2005ൽ ദണ്ഡി മാർച്ചിന്റെ 75മത് വാർഷികം ഗുജറാത്തിൽ എ.ഐ.സി.സി ആഘോഷിച്ചപ്പോൾ പ്രതിനിധിയായി പങ്കെടുത്ത പി.സിക്ക് ജീവിതത്തിലേക്ക് കൂട്ടും സ്വന്തമായി. അവിടെ നിന്നും പരിചയപ്പെട്ട കനകഹാമ എന്ന കർണാടകക്കാരിയുമായുള്ള സൗഹൃദം വിവാഹത്തിലെത്തി.
നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം കിട്ടിയതാണ് കെ.എസ്.യു പ്രസിഡന്റ് എന്ന നിലയിൽ രണ്ടാമത്തെ നാഴികകല്ല്. 2006ൽ 28ാം വയസ്സിൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ തോൽപ്പിച്ച് കന്നിയങ്കം ഉജ്വലമാക്കി. പിന്നാലെ 2010ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. 2011ൽ ചെങ്ങന്നൂരിൽ രണ്ടാംജയം. കെ.പി.സി.സി ജനറൽ സെക്രട്ടറി.
2016ൽ ചെങ്ങന്നൂരിൽ തോറ്റെങ്കിലും കർണാടകയുടെ ചുമതലയോടെ എ.ഐ.സി.സി സെക്രട്ടറിയായി. 2020ൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്. 2021 നിയമസഭ പോരിൽ ആദ്യം കൊല്ലത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും സീറ്റ് ബിന്ദു കൃഷ്ണക്ക് വിട്ടുകൊടുക്കേണ്ടി വന്നതോടെ അവസാന നിമിഷം കുണ്ടറയിലെത്തി. ചുരുങ്ങിയ ദിവസങ്ങളിലെ പ്രവർത്തനത്തിലൂടെ കുണ്ടറ പിടിച്ച പി.സിക്ക് ഇത്തവണയും അവിടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാട്ടും വായനയും ഇഷ്ടം. പിതാവ് ചെല്ലപ്പൻ പിള്ള 2024ലാണ് വിടപറഞ്ഞത്. ഭാര്യ കനകഹാമയും മകൾ അന്നപൂർണേശ്വരി ദേവിയും മാതാവ് ലീല സി. പിള്ളയും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും ഈ യാത്രയിൽ കരുത്തായുണ്ട്.


