ഇടുക്കിയിലെ അനധികൃത കുരിശ് പൊളിച്ചു നീക്കി; സ്ഥാപിച്ചത് റിസോർട്ടുടമ, പൊളിച്ചത് റവന്യൂ വകുപ്പ്
text_fieldsപരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ നിർമിച്ച അനധികൃത കുരിശ്
പീരുമേട് (ഇടുക്കി): പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ നിർമിച്ച അനധികൃത കുരിശ് റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കൈയേറ്റ ഭൂമിയാണെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് കൈവശംവെച്ച സ്ഥലത്താണ് പുതുതായി കുരിശ് പണിതത്. ജില്ല കലക്ടർ സ്റ്റോപ് മെമ്മോ നൽകാൻ നിർദേശിച്ചതിനുശേഷമാണ് കുരിശിന്റെ പണികൾ പൂർത്തിയാക്കിയത്. ഇതാണ് ഇന്ന് റവന്യൂ സംഘം എത്തി പൊളിച്ചുനീക്കിയത്.
3.31 ഏക്കർ സർക്കാർഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ.ആർ തഹസിൽദാറെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിർദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നൽകുകയുംചെയ്തു. എന്നാൽ, ഇതവഗണിച്ചാണ് കുരിശിന്റെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. പണികൾ നടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് പൊളിച്ചു നീക്കിയത്.
കൈയേറ്റ സ്ഥലത്ത് നിരോധനം ലംഘിച്ച് പണികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടും സജിത് ജോസഫിനെതിരെ കേസെടുക്കാൻ പൊലീസിൽ പരാതി നൽകിയിരുന്നില്ല. മറ്റൊരു സ്ഥലത്തുവെച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. 2017ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. സ്റ്റോപ് മെമ്മോ പുറപ്പെടുവിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ പല സ്ഥലങ്ങളിലും തുടരുകയാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസിന്റെ സഹായത്തോടെ ക്രിമിനൽ കേസ് എടുക്കാൻ റവന്യൂ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.