'ജനം തിരിച്ചടി നൽകും മോദിക്കും പിണറായിക്കും'
text_fieldsമോദിയുടെയും ബി.ജെ.പിയുടെയും ബി ടീം ആയാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി. എഫ് പ്രവര്‍ത്തിക്കുന്നത്
മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ഇല്ലാതാക്കി വര്‍ഗീയതയും ഫാഷിസവും മുഖമുദ്രയാക്കിയ ബി.ജെ.പിയെ താഴെയിറക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ‘ഇൻഡ്യ’ മുന്നണി തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
കേരളത്തിലാകട്ടെ, ബി.ജെ.പിയുടെ അതേ ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവുംവിട്ടുള്ള അധിക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്.
വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും നാളെ കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്.
തുടക്കത്തില്‍ 400 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച മോദിയും ബി.ജെ.പിയും അധികാരത്തില്‍ എത്തുമോയെന്ന സംശയവും ഭയപ്പാടുമാണ് അവസാനഘട്ടത്തില്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയ വിഷം ചീറ്റി പ്രധാനമന്ത്രി രാജസ്ഥാനില്‍ പ്രസംഗിച്ചതും. സംഘപരിവാര്‍ ഭരണകൂടത്തിന്റെ പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍സാമിയുടെ 87ാം ജന്മദിനത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്.
വാര്‍ധക്യവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച്, സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാനാകാത്ത വന്ദ്യവയോധികനെയാണ് ക്രൂരമായ ശിക്ഷയ്ക്ക് സംഘപരിവാര്‍ ഭരണകൂടം വിധേയമാക്കിയത്.
കേരളത്തില്‍ എത്തുമ്പോള്‍ ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തില്‍ രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. വെടിയൊച്ചകളും ഭയനകമായ അന്തരീക്ഷവും അവസാനിക്കാത്ത മണിപ്പൂരിന്റെ തെരുവുകളിലൂടെ നിര്‍ഭയനായി നടന്ന രാഹുല്‍ ഗാന്ധിയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കലാപത്തിന് ഇരകളായവരെയും ആശ്വസിപ്പിച്ചത്.
മോദിയുടെയും ബി.ജെ.പിയുടെയും ബി ടീം ആയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. ഇലക്ടറല്‍ ബോണ്ടില്‍ ബി.ജെ.പി അഴിമതി കാട്ടിയെന്നു പോസ്റ്റിട്ട ചെറുപ്പക്കാരനെതിരെ മോദിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റം ചാര്‍ത്തി കേസെടുത്ത നാടാണിത്.
കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന പിണറായി വിജയന് മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പിണറായി അധിക്ഷേപിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ നടത്തിയ ഹീനമായ പ്രസ്താവനയെ പേലും പിണറായി വിജയന് ന്യായീകരിച്ചു.
അഞ്ച് വര്‍ഷം മുന്‍പ് വയനാട്ടില്‍ പതാക വിവാദമുണ്ടാക്കിയത് ബി.ജെ.പിയാണ്. അഞ്ചു വര്‍ഷത്തിനുശേഷം അതേ വിവാദമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും. ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണമാണ് പിണറായിയുടെയും ലക്ഷ്യം. പത്ത് വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തിയ പ്രചരണം ഇപ്പോള്‍ സി.പി.എമ്മും ഏറ്റെടുത്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്ടെ 40 മിനിട്ട് പ്രസംഗത്തില്‍ 38 മിനിട്ടും ബി.ജെ.പിക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. മോദിയെ വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയും രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും നിങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും തന്നില്ലല്ലോയെന്നുമാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അത് സത്യമല്ലെ? ലൈഫ് മിഷന് അഴിമതിയില്‍ പിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ലല്ലോ. ആറര കൊല്ലമായിട്ടും ലാവലിന്‍ കേസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?
പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷവും രോഷവും തിരഞ്ഞെടുപ്പ് അജണ്ടയില്‍ വരാതിരിക്കാനുള്ള കൗശലവും ചുളുവില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമമവുമാണ് പിണറായി വിജയന് നടത്തിയത്.
എന്നാല്‍ അത് തുറന്നുകാട്ടാന്‍ യു.ഡി.എഫിന് സാധിച്ചു. രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേദിവസം അതേ വാചകം പിണറായിയും പറഞ്ഞു. സ്മൃതി ഇറാനിയുടെ രാഹുല്‍ വിരുദ്ധ പ്രസ്താവനയും പിറ്റേദിവസം പിണറായി ആവര്‍ത്തിച്ചു. രണ്ടു കൂട്ടരുടെയും പ്രസ്താവനകള്‍ ഒരുടത്താണോ തയാറാക്കുന്നതെന്നു പോലും സംശയമുണ്ട്.
വടകരയില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈകാരിക പ്രകടനത്തോടെ അവതരിപ്പിച്ച നുണ ബോംബ് ചീറ്റിപ്പോയി. അവസാനം അത്തരമൊരു അശ്ലീല വീഡിയോ ഇല്ലെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞിട്ടും അത് ഉണ്ടെന്നും പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലുമാണെന്നാണ് സി.പി.എം സെക്രട്ടറി ഇപ്പോഴും പറയുന്നത്.
എന്തൊരു കാപട്യമാണിത്? തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയിലും ഇതുപോലൊരു വീഡിയോ ഇറക്കിയിരുന്നു. എന്നിട്ടെന്തുണ്ടായി? വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോവിഡ് കാലത്ത് നടത്തിയ പകല്ക്കൊള്ളയിലെ ഒന്നാം പ്രതിയാണെന്നത് മറക്കരുത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതും ബി.ജെ.പിയെ സഹായിക്കാനുള്ള നാടകമായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി കൊടുക്കാനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിച്ചത്.
തിരഞ്ഞെടുപ്പ് അജണ്ട പൗരത്വ നിയമത്തെക്കുറിച്ച് മാത്രമാക്കി സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ആഗ്രഹിക്കുന്നത്. ഒരു കോടി ആളുകള്‍ക്ക് പെന്ഷന് നല്‍കാതെയാണ് ഈ മാന്യന് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. സംസ്ഥാന ഭരണം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. എന്നിട്ടും അവിടെ എല്ലാം നോര്‍മലാണെന്ന് പിണറായി വിജയനല്ലാതെ മറ്റാര്‍ക്ക് പറയാനാകും.
ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് സി.പി.എം പറയുന്നത്. പ്രതിപക്ഷത്ത് ഇരിക്കുന്ന കോണ്‍ഗ്രസ് ആരെയും ഭീഷണിപ്പെടുത്തി ബോണ്ട് വാങ്ങിയിട്ടില്ല. ഇ.ഡിയെയും സി.ബി.ഐയെയും ഉപോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികള്‍ വാങ്ങുന്നു എന്നതാണ് ബി.ജെ.പിക്ക് എതിരായ പരാതി. ഇലക്ടറല്‍ ബോണ്ട് നല്കിയ കമ്പനികളെല്ലാം സി.പി.എമ്മിനും പണം നല്‍കിയിട്ടുണ്ട്.
ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്നതാണ് എല്‍.ഡി.എഫ് മുദ്രാവാക്യം. ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് യോജിച്ചിട്ടുള്ളത്? ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ക്കുകയും സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കുകയും ചെയ്ത കൂട്ടരാണ്. കല്‍ക്കത്ത തീസിസ് കൊണ്ടു വന്ന് രാജ്യത്തെ അട്ടിമറിക്കാനും ശ്രമിച്ചു.
സംഘപരിവാര്‍ ശക്തികളെക്കാള്‍ കൂടുതല്‍ ഗാന്ധിജിയെയും നെഹ്റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ പതാക പാര്‍ട്ടി ഓഫീസില്‍ ഉയര്‍ത്താന്‍ പോലും സി.പി.എം തീരുമാനിച്ചത്. ആര്.എസ്.എസ് വോട്ട് വാങ്ങി ജനപ്രതിനിധിയായ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയന്. എന്നിട്ടാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറയുന്നത്.
അതിശക്തമായ യു.ഡി.എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകുമെന്നതിൽ തർക്കമില്ല.