പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം; പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാനും ആവശ്യമുള്ളിടങ്ങളിൽ സ്ഥിരം ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കുന്നത് പഠിക്കാനും അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി സർക്കാർ. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായ സമിതിയുടെ കൺവീനർ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയന്‍റ് ഡയറക്ടർ കെ.കെ അഷ്റഫ് ആയിരിക്കും. എസ്.എസ്.കെ ഡയറക്ടർ ഡോ. കെ. മോഹനകുമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.കെ.കെ മഷൂദ്, ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം ജോയന്‍റ് ഡയറക്ടർ ഡോ. മാണിക്യരാജ് എന്നിവർ സമിതി അംഗങ്ങളായിരിക്കും.
ഇതുസംബന്ധിച്ച് പൊതുവിഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. പ്ലസ് വൺ പ്രവേശന സമയത്ത് സീറ്റ് ക്ഷാമം സംബന്ധിച്ച് ഉയരുന്ന പരാതികൾക്ക് ശാശ്വത പരിഹാരം നിർദേശിക്കാനാണ് സമിതിയെ നിയോഗിച്ചത്. സീറ്റ് ക്ഷാമം പരിഹരിക്കാനായി 433 താൽക്കാലിക ബാച്ചുകളാണ് സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ അനുവദിച്ചത്. ഇതിന് പുറമെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും എല്ലാ വർഷവും സർക്കാർ ഹയർസെക്കൻഡറികളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധന നൽകിയുമാണ് സീറ്റ് ക്ഷാമത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കുന്നത്.
2021 മുതൽ 2025 വരെയായി 313 താൽക്കാലിക ബാച്ചുകളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി അനുവദിച്ചത്. ഇവ എല്ലാവർഷവും പുതുക്കി നൽകുകയാണ് ചെയ്യുന്നത്. യു.ഡി.എഫ് സർക്കാർ വന്നശേഷം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കഴിഞ്ഞ ജൂലൈയിൽ ഉത്തരവിറക്കിയിരുന്നു.
ഇതോടെയാണ് താൽക്കാലിക ബാച്ചുകൾ 433 ആയി ഉയർന്നത്. സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ 50 കുട്ടികൾ പഠിക്കേണ്ട ബാച്ചുകളിൽ 65 വരെ കുട്ടികളെയാണ് പ്രവേശിപ്പിക്കുന്നത്. ഇതിന് പുറമെ സീറ്റ് ലഭിക്കാതെ വരുന്ന കുട്ടികൾ സ്പെഷ്യൽ ഓർഡർ വഴി എത്തുന്നതോടെ കുട്ടികളുടെ എണ്ണം പിന്നെയും ഉയരുന്നു. അതേസമയം, തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ മതിയായ കുട്ടികളില്ലാത്ത ഒട്ടേറെ ബാച്ചുകളുമുണ്ട്. ഇത്തരം സ്കൂളുകളിൽ ഒരേ കോമ്പിനേഷനിൽ രണ്ട് ബാച്ചുകളുണ്ടെങ്കിൽ അവയിൽ ഒന്ന് സീറ്റില്ലാത്ത ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന്‍റെ സാധ്യത ഉൾപ്പെടെ സമിതി പരിശോധിക്കും.
താലൂക്ക്/ വിദ്യാഭ്യാസ ജില്ല തലങ്ങളിലെ കണക്കുകൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും സീറ്റ് ക്ഷാമം സമിതി വിലയിരുത്തുക. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഹയർസെക്കൻഡറി മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായി സമിതിയെ നിയോഗിക്കുകയും സീറ്റ് ക്ഷാമമുള്ള സ്ഥലങ്ങളിൽ സ്ഥിരം ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കാൻ ശിപാർശ സമർപ്പിച്ചിക്കുകയും ചെയ്തിരുന്നു. പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ തസ്തിക സൃഷ്ടിക്കൽ വഴി സർക്കാറിന് സാമ്പത്തിക ബാധ്യത വരുമെന്ന വിലയിരുത്തലിൽ തുടർനടപടി സ്വീകരിക്കാതെ റിപ്പോർട്ട് മാറ്റിവെക്കുകയായിരുന്നു.



