മാല വീട്ടിൽനിന്ന് കിട്ടിയത് പുറത്തുപറയരുതെന്ന് പരാതിക്കാരിയോട് നിർദേശിച്ചത് എസ്.ഐയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ ദലിത് യുവതി ബിന്ദുവിനെ പ്രതിയാക്കിയത് പൊലീസിന്റെ ‘നുണക്കഥ’യിലൂടെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
മാല തിരികെ ലഭിച്ചത് അറിയിച്ചപ്പോൾ പുറത്തുപറയരുതെന്ന് എസ്.ഐ പ്രസാദ് പരാതിക്കാരിയോട് ആവശ്യപ്പെട്ടെന്നും മാല കിട്ടിയത് വീടിന് പിന്നിലെ ചവറ്റുകുട്ടയിൽനിന്നാണെന്ന് മൊഴിനൽകാൻ നിർദേശിച്ചെന്നും റിപ്പോർട്ടിലുണ്ട്.
ഓർമക്കുറവുള്ള അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ ഏപ്രിൽ 23ന് സ്വർണമാല സോഫയിൽവെച്ച് മറന്നു. മാല മോഷണംപോയെന്ന് കരുതി ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി.
പിന്നാലെ വീട്ടുജോലി കഴിഞ്ഞ് മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും ഭക്ഷണമോ വെള്ളമോ നൽകാതെ ബിന്ദുവിനെ 20 മണിക്കൂറോളം കസ്റ്റഡിയിൽവെച്ചു. കുടുംബത്തെ വിവരമറിയിക്കാൻ അനുവദിച്ചില്ല. പിറ്റേന്ന് സോഫക്ക് അടിയിൽനിന്ന് മാല ലഭിച്ച വിവരം ഓമനയും മകൾ നിധി ഡാനിയേലും എസ്.ഐ പ്രസാദിനെ നേരിൽകണ്ട് അറിയിച്ചു. മാല വീട്ടില്‍നിന്ന് ലഭിച്ച കാര്യം ആരോടും പറയരുതെന്ന് വിലക്കിയ എസ്.ഐ, വീടിനു പിറകിലെ ചവറുകൂനയില്‍നിന്ന് കിട്ടിയെന്ന കള്ളക്കഥയുണ്ടാക്കി.
മാല വീട്ടില്‍നിന്ന് കിട്ടിയെന്ന് വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ വീഴ്ച വ്യക്തമാകുമെന്ന് തിരിച്ചറിഞ്ഞാണ് അത് മറയ്ക്കാൻ എസ്.ഐയുടെ നേതൃത്വത്തിൽ നുണക്കഥ മെനഞ്ഞത്.
അതേസമയം, ഓമന ഡാനിയേലിനും മകൾക്കും നെടുമങ്ങാട് എസ്.സി-എസ്.ടി സ്പെഷൽ കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു.