Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സാറെ.., എന്‍റെ...

'സാറെ.., എന്‍റെ കുടുംബത്തിന് ഇത് ഒരു മാസത്തേക്കുണ്ട്'

text_fields
bookmark_border
chaliyar rescue 987987
cancel
camera_alt

ചാലിയാറിന്‍റെ വൃഷ്ടിപ്രദേശമായ കാന്തൻപാറയിൽ ഇന്നലെ തിരച്ചിൽ നടത്തുന്ന എമർജൻസി റെസ്ക‍്യൂ ഫോഴ്സ് അംഗങ്ങൾ

നിലമ്പൂർ: വയനാട് ദുരന്തവാർത്ത അറിഞ്ഞ ഉടനെ രംഗത്തിറങ്ങിയതാണ് എമർജൻസി റെസ്ക‍്യൂ ഫോഴ്സ്. പേരിന്‍റെ പ്രതാപം കേട്ടാൽ തോന്നും ഇതൊരു സർക്കാർ സംവിധാനമാണെന്ന്. എന്നാൽ അങ്ങനെയല്ല. നന്മ മനസ്സുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സന്നദ്ധസംഘടനയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ കുറച്ചു മനുഷ്യസ്നേഹികൾ. അന്നന്ന് കൂലിപ്പണിക്ക് പോയാൽ കുടുംബം കഴിഞ്ഞുപോകുന്നവർ. ഓട്ടോ ടാക്സി തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ, കൂലിപ്പണിക്കാർ, ഇലക്ട്രീഷ്യൻ, പ്ലംബർ, ബാർബർ, ടാപ്പിംഗ് തൊഴിലാളികൾ, കൃഷിക്കാർ, കടയിലെ ജീവനക്കാർ തുടങ്ങി സമൂഹത്തിലെ താഴെത്തട്ടിൽ ജോലി ചെയ്യുന്നവർ. പത്ത് ദിവസത്തെ ജോലിയും മാറ്റിവെച്ച് കയ്യിലുള്ള പൈസക്ക് വണ്ടിക്ക് എണ്ണയും അടിച്ച് ദുരന്തസ്ഥലങ്ങളിൽ ഓടിനടന്ന് രക്ഷാപ്രവർത്തനം നടത്തിയവർ.

കാടും മേടും താണ്ടി ആറും പുഴയും കടന്ന് ഉരുൾപൊട്ടിയൊഴുകിയ അതിദുർഘടമായ പാതയിലൂടെയും, കുലംകുത്തിയൊഴുകുന്ന പുഴയേയും ചെങ്കുത്തായ മലനിരകളേയും വകഞ്ഞുമാറ്റി മുന്നേറിയവർ. ഒരുപാട് ശരീരഭാഗങ്ങൾ കണ്ടെടുത്തവർ. നഷ്ടപ്പെട്ടവരെ കണ്ടെത്തുക, വീണ്ടെടുക്കുക എന്ന ലക്ഷ‍്യം മാത്രം.

ഇന്നലെയും ചാലിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ ശരീരങ്ങൾ തിരഞ്ഞ് ഇവരുണ്ടായിരുന്നു. തുടർച്ചയായ ദിവസങ്ങൾ തിരയാൻ പോയപ്പോൾ ഇവരുടെ വീട്ടിൽ അരി വാങ്ങിയോ എന്നന്വേഷിച്ചുകൊണ്ട് ഒരാൾ പ്രത്യക്ഷപ്പെട്ടു. ഒരോരുത്തരുടെയും കാര്യങ്ങളന്വേഷിച്ചു. നിലമ്പൂർ യൂനിറ്റിലെ 42 അംഗങ്ങൾക്കും 3000 രൂപയുടെ വീതം സാധനങ്ങൾ വാങ്ങാനുള്ള വൗച്ചർ നൽകി. വീട്ടിലേക്കാവശ്യമായ എന്ത് സാധനനങ്ങളും വാങ്ങാം. 42 അംഗങ്ങൾക്കുമായി മൊത്തം 1,26,000 രൂപയുടെ വൗച്ചർ കൈമാറി. സാധനങ്ങൾ വാങ്ങിയ അംഗം നിറകണ്ണുകളോടെ പറഞ്ഞു, 'സാറെ.. ഇത് എനിക്ക് ഒരു മാസത്തേക്ക് ഉണ്ട്'. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ കാണാപ്പുറത്തിരുന്ന് കണ്ട വലിയ മനസ്സിന് ബിഗ് സല്ല‍്യൂട്ട് നൽകുകയാണ് തേക്കിൻ നാട്.

Show Full Article
TAGS:wayanad landslide chaliyar emergency rescue team 
News Summary - person who did not want to be named gave vouchers worth Rs 3000 each to rescue volunteers
Next Story