Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇർഫാന്റെ മരണം: ലഹരി...

ഇർഫാന്റെ മരണം: ലഹരി കച്ചവടത്തിന് കാവലായി തോക്കും ആയുധങ്ങളും; ചോദ്യം ചെയ്താൽ ക്രൂരമർദനം

text_fields
bookmark_border
ഇർഫാന്റെ മരണം: ലഹരി കച്ചവടത്തിന് കാവലായി തോക്കും ആയുധങ്ങളും; ചോദ്യം ചെയ്താൽ ക്രൂരമർദനം
cancel

പെരുമാതുറ (തിരുവനന്തപുരം): പെരുമാതുറയും സമീപത്തെ തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ച മയക്കുമരുന്ന് വിൽപനക്കാരുടെ ഒടുവിലത്തെ ഇരയാണ് ഇന്ന് മരിച്ച ഇർഫാൻ. പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ വീട്ടിൽ സുൽഫിക്കർ -റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് പുലർച്ചെ മരിച്ചത്.

പ്രദേശത്ത് ലഹരി കച്ചവടവും ഉപയോഗവും വ്യാപകമാണ്. പെരുമാതുറ സിറ്റിയ്ക്ക് പടിഞ്ഞാറു ഭാഗത്തെ തീരദേശത്താണ് ലഹരിമാഫിയകളുടെ പ്രധാന താവളം. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വൻതോതിൽ ലഹരി മരുന്ന് എത്തുന്നത്. പലപ്പോഴും ലഹരിമാഫിയകളെ പറ്റി പൊലീസിനോ എക്സൈസിനോ വിവരം കൊടുക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്. അതുകൊണ്ടാണ് പ്രദേശവാസികൾ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നത്.

മൂന്നുമാസം മുൻപ് നാലംഗ സംഘം പെരുമാതുറ ഇടവഴിയിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്നത് കണ്ട് സ്ഥലത്തെ ഒരു പൊതുപ്രവർത്തകൻ ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിൽ അന്ന് അർധരാത്രി തന്നെ മാരകായുധങ്ങളുമായി എത്തിയ ലഹരിമാഫിയ അദ്ദേഹത്തെ ക്രൂരമായി മർദിച്ച് കടന്നുകളഞ്ഞു.

ലഹരി കച്ചവടം നടത്തുന്നവരുടെ പക്കൽ തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ വരെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുൻപ് കഠിനംകുളം പൊലീസ് തോക്കും ആയുധങ്ങളുമായി പിടികൂടിയതും ഇതേ സംഘത്തിൽപ്പെട്ട ആളുകളെയാണ്. യുവാക്കളും വിദ്യാർഥികളുമാണ് ലഹരിക്ക് അടിമപ്പെടുന്നതിൽ കൂടുതലും.

തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ ആദ്യം മൊബൈലിൽ വിളിച്ചത്. പിന്നീട് അഞ്ച് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയതായി മാതാവ് റെജുല പറഞ്ഞു. വീടിന് അരകിലോമീറ്റർ ദൂരമുള്ള കൊട്ടാരംതുരുത്ത് എന്ന പ്രദേശത്ത് കൊണ്ട് പോയി ബലമായി ലഹരി നൽകി എന്ന് ഇർഫാൻ മാതാവിനോട് പറഞ്ഞിരുന്നു. ആളൊഴിഞ്ഞ കായൽ തുരുത്താണ് ഈ പ്രദേശം. തിരികെ വീട്ടിൽ എത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. കട്ടിലിൽ കിടന്ന് ഉരുളുകയും പരാക്രമങ്ങൾ കാണിക്കുകയും ചെയ്തു. ഇടയ്ക്ക് ശുചി മുറിയിൽ പോയി ശരീരത്തിൽ വെള്ളം ഒഴിച്ചിട്ടും ശമനമില്ലാ​ത്തതിനെതുടർന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്.

ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി​യെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. മരണകാരണം അമിത മയക്കുമരുന്ന് ഉപയോഗമാണെന്ന് സംശയിക്കുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.

ഇർഫാന്റേത് ഒറ്റപ്പെട്ട സംഭവമായി കാണാതെ ലഹരി മാഫിയക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Show Full Article
TAGS:drug obituary 
News Summary - Perumathura Irfan's death
Next Story