കായൽ കാഴ്ചകളുടെ പറുദീസയൊരുക്കി പെരുമ്പളം ദ്വീപ് സഞ്ചാരികളെ കാത്തിരിക്കുന്നു
text_fieldsകേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തിലേക്കുള്ള പാലത്തിന്‍റെ പൂർത്തീകരണത്തിന് ഇനി അധികം സമയമില്ല. സഞ്ചാരികൾക്ക് ഗ്രാമീണക്കാഴ്ചകളുടെയും, അനുഭവങ്ങളുടെയും വിരുന്നൊരുക്കാൻ പെരുമ്പളം തയ്യാറെടുക്കുകയാണ്. ആലപ്പുഴ ജില്ലയിലാണെങ്കിലും,എറണാകുളം, കോട്ടയം ജില്ലകളോട് തൊട്ടുരുമ്മിയാണ് പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത്.
വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം പൂർത്തിയാകുന്നതോടെ ഗ്രാമത്തിൻ്റെ മനോഹാരിതക്ക് കൂടി ചിറകുമുളക്കകുകയാണ്. വില്ലുവണ്ടി കമാന മാതൃകയിലുള്ള പാലം ഡിസംബറിൽ തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഉത്തരവാദിത്വ വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണ് ദ്വീപിൽ ഒളിഞ്ഞു കിടക്കുന്നത്. തേച്ചുമിനുക്കിയെടുത്താൽ സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ആനന്ദിക്കാനും,ജീവിതമാർഗമാക്കാനും വകയൊരുക്കാം.
പെരുമ്പളം ഗ്രാമത്തിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയേയും മാടിവിളിക്കുന്നത് സ്വച്ഛവും ശാന്തവുമായ ഗ്രാമ്യഭംഗിയും, ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയാണ്. ചൂണ്ടയിടുന്നതും, വല വീശുന്നതും, ചീന വലയിൽ മത്സ്യങ്ങളെ കോരുന്നതും കാണാം - അനുഭവിക്കാം.
ഗ്രാമീണരുടെ ജീവിതത്തിന്‍റെ നേർക്കാഴ്ചക്ക് സഞ്ചാരികൾക്ക് ഇവിടെയെത്താം. മീൻ പിടിക്കുന്നതുമാത്രമല്ല, കള്ളു ചെത്തുന്നതും, തുണി നെയ്യുന്നതും, ഓലമെടയുന്നതും, കയറു പിരിക്കുന്നതും നേരിൽ കാണാം. ആവശ്യമെങ്കിൽ പഠിക്കുകയുമാകാം. പല ഗ്രാമങ്ങൾക്കും അന്യമാകുന്ന നെൽകൃഷി പരിശീലിക്കാം.
ബ്രിട്ടീഷ് ഭരണകാലത്ത് പായ്കപ്പലുകൾക്ക് വഴിയോരിക്കിയ വിളക്കുമരവും പഴമ നഷ്ടപ്പെടാത്ത ഒട്ടേറെ വീടുകളും ഇവിടെ ഇപ്പോഴും ഉണ്ട്. നാലുകെട്ടുകളും, എട്ട് കെട്ടുകളും, നടുമുറ്റവും, പടിപ്പുരയും ഒക്കെ ഉള്ള പഴയ തറവാടുകൾ സഞ്ചാരികൾക്ക് താമസിക്കാനുള്ള ഹോംസ്റ്റേ സൗകര്യമൊരുക്കുന്നത് ഏറെ പ്രിയമാകും.
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖാദി "ചർക്കയിൽ നൂല് നൂറ്റ്" പരമ്പരാഗത രീതിയിലുള്ള "തറി "യിൽ മുണ്ട് നെയ്യുന്ന കൈത്തറി യൂനിറ്റ് കാണാം. ജില്ലയിൽ തന്നെ അപൂർവ്വമാണ് ഖാദി തുണികൾ നെയ്യുന്ന യൂനിറ്റ്. ആലപ്പുഴയുടെ പരമ്പരാഗത വ്യവസായം ആയിരുന്ന കയർ വ്യവസായത്തെയും ഇവിടെ പരിചയപ്പെടാം. റാഡിലും കൈപ്പിരിയായും കയറ് പിരിക്കുന്നതും, കൈതോലചെത്തി ഉണക്കി തഴപ്പായ നെയ്യുന്നതും ഓലമെടയുന്നതും കാണാം.
ദ്രാവിഡ സ്മൃതികൾ ഉണർത്തുന്ന സർപ്പം തുള്ളലുകളും, ഗന്ധർവ്വൻ തുള്ളലും, കളമെഴുത്തും പാട്ടും, ഉടുക്ക് കൊട്ടും പാട്ടും കേൾക്കാം കാണാം. എങ്ങോട്ട് തിരിഞ്ഞാലും പ്രകൃതി സൗന്ദര്യം വരിഞ്ഞൊഴുകുന്ന ദൃശ്യങ്ങൾ. എത്ര വർണ്ണിച്ചാലും മതിവരാത്ത തരത്തിൽ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നതാണ് പെരുമ്പളം എന്ന കൊച്ചു ഗ്രാമം. കരിമീനും ചെമ്മീനും കക്കയും,ഞണ്ടും കൊഞ്ചും പെരുമ്പളത്തിന്‍റെ പേരും, രുചിപെരുമയും വിളിച്ചോതും. കേൾവി കേട്ട പെരുമ്പളം കുടം പുളിയിട്ട് വച്ച നല്ല മീൻ കറിയും കൂട്ടി മനസ്സും വയറും നിറച്ച് നമുക്ക് യാത്ര തുടരാം. പെരുമ്പളത്തെ ഏറെ രുചിയുള്ള തേങ്ങയിലും ചക്കയിലും ഉണ്ടാക്കിയ ഹലുവയും ചോക്ലേറ്റും അവലോസുപൊടിയും ഉരുക്കുവെളിച്ചെണ്ണയും മറ്റ് അനവധി രുചി വിഭവങ്ങളും ആസ്വദിക്കാം വാങ്ങാം.
വേമ്പനാട്ട് കായലിന്‍റെ വിശാലതയും,സഞ്ചാര നൗകകളും,കായൽ ജോലികളും, സൂര്യാസ്തമനവും ആസ്വദിക്കാൻ പാലവും,ദ്വീപും പുത്തൻഗ്യാലറി ഒരുക്കും. പ്രഭാതഗ്രാമാനുഭവങ്ങൾക്ക് ഗ്രാമത്തിലെ തന്നെ റിസോർട്ടിലോ, ഹോം സ്റ്റേയിലോ രാപാർക്കാം. ഓലയിൽ നാരായം കൊണ്ട് അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന ആശൻ കളരിയും സന്ദർശിച്ച്.
ഇതുവരെയും ഗ്രാമ വിശുദ്ധിയ്ക്ക് പോറലേൽക്കാതെ നഗര സംസ്കാരത്തെ വേമ്പനാട്ടു കായലിലെ ദുർഘടയാത്ര തടഞ്ഞിരുന്നു.ആർക്കും എപ്പോഴും കടന്നുവരാവുന്ന സ്ഥലമായി പെരുമ്പളം മാറുമ്പോഴും,നാട്ടുപച്ചയും നാടിൻറെ വിശുദ്ധിയും,നാട്ടുകാരുടെ നിഷ്കളങ്കതയും കാത്തുസൂക്ഷിക്കുവാനും ദേശ പെരുമ കൈമോശം വരാതിരിക്കുവാനും ജാഗ്രതയിലാണ് ദേശക്കാർ. കെ.ആർ.അശോകൻ