സ്നേഹത്തണലിൽ ‘പ്രാവേശനോത്സവം’
text_fieldsഅമ്മപ്രാവ് കുഞ്ഞുങ്ങൾക്കൊപ്പം
വരവൂർ (തൃശൂർ): വിദ്യാർഥികൾ കാത്തിരുന്ന ആ പാഠം ഒടുവിൽ പൂർത്തിയായി. ക്ലാസ് മുറിയിലെ മേശക്കു മുകളിൽ മുട്ടയിട്ട് രണ്ടാഴ്ചയിലധികം അടയിരുന്ന് അമ്മപ്രാവ് പഠിപ്പിച്ച പിറവിയുടെ പാഠം. വരവൂർ ഗവ. എൽ.പി സ്കൂളിലെ മൂന്ന് ‘സി’ ക്ലാസിലെ കുട്ടികൾക്കാണ് ജീവസ്ഫുരണത്തിന്റെ ഈ പാഠം നേർക്കാഴ്ചയിലൂടെ പഠിക്കാനുള്ള ഭാഗ്യം ലഭിച്ചത്.
ക്ലാസിലെ മേശയിൽ കൂടുകെട്ടിയത് മുതൽ വിദ്യാർഥികളുടെ സ്നേഹത്തണലിലായിരുന്നു ഈ പ്രാവ്. കുട്ടികൾ ഇരിക്കുന്ന ബെഞ്ചിനോട് ചേർന്ന മേശയിൽ കൂടുകെട്ടി അടയിരുന്ന പ്രാവ് രണ്ടു കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. പ്രാവിന്റെ മാതൃസ്നേഹവും അനുകമ്പയും കണ്ടാണ് വിദ്യാർഥികൾ ഇപ്പോൾ ക്ലാസിലിരിക്കുന്നത്.
ഡിസംബർ അവസാന വാരത്തിലാണ് പ്രാവ് ക്ലാസ് മുറിയിൽ കൂടുകെട്ടി അടയിരിക്കാൻ തുടങ്ങിയത്. പ്രാവിന് ഭക്ഷണം നൽകിയും സംരക്ഷണം ഒരുക്കിയുമുള്ള കുട്ടികളുടെയും അധ്യാപകരുടെയും കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മുട്ടകൾ വിരിഞ്ഞത്. പുതിയ അതിഥികൾക്കായി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ കീയോ... കീയ്... എന്ന കരച്ചിൽ കേട്ടതോടെ കൈയടിച്ചും പരസ്പരം കെട്ടിപ്പിടിച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു.
കുട്ടികളോട് ചങ്ങാത്തംകൂടി അവരിലൊരാളായി മാറിയ അമ്മപ്രാവിന് ഇപ്പോൾ തന്റെ കുഞ്ഞുങ്ങളുടെ പരിചരണത്തിലാണ് കൂടുതൽ ശ്രദ്ധ. കുഞ്ഞുങ്ങളായതോടെ തങ്ങളുമായുള്ള കൂട്ടുകെട്ടിന് കുറവ് വന്നതിൽ അൽപം കുശുമ്പുണ്ടെങ്കിലും പുതിയ രണ്ടു കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലാണ് കുട്ടികൾ.