‘ഡീലിൽ’ ഏറ്റുമുട്ടി പിണറായിയും സതീശനും ഓൺലൈനിലും ഓഫ്ലൈനിലും പോര് മുറുകുന്നു
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ‘ഡീൽ’ ആരോപണം, മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാക്പോരിലേക്ക് വഴിമാറി. 10 മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്നുള്ള സതീശന്റെ ആരോപണം കോൺഗ്രസ് ദേശീയ നേതൃത്വമേറ്റെടുത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെയും രാഹുൽ ഗാന്ധിയും ഡീൽ പരാമർശം നടത്തിയിരുന്നു. ഇതേതുടർന്ന്, രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച് പിണറായി വ്യാഴാഴ്ച രംഗത്തെത്തിയത് വാക്പോര് രൂക്ഷമാക്കി. രാഹുൽ ഗാന്ധി അഖിലേന്ത്യ നേതാവാണെന്നും പക്ഷേ, ഒരു പ്രാദേശിക നേതാവിന്റെ ധാരണപോലുമില്ലെന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. എത്രമാത്രം അധഃപതനമാണ് ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ പരിഹാസവുമായി വി.ഡി. സതീശൻ രംഗത്തെത്തി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗുഡ്ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി അവർക്ക് മുന്നിൽ നിൽക്കുന്നതെന്നും സതീശൻ പരിഹസിച്ചു. പിന്നാലെ വി.ഡി. സതീശനെ വ്യക്തിപരമായി ആക്രമിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുമായി പിണറായി വിജയൻ രംഗത്തെത്തി.
2006ൽ പറവൂരിൽ ആർ.എസ്.എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തുകയും ചെയ്തത് ഏത് ഡീലാണെന്ന് സതീശൻ വ്യക്തമാക്കാൻ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006ലെ പറവൂരിലെ ഡീൽ എന്തായിരുന്നെന്ന് സതീശൻ വ്യക്തമാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
പിണറായി വിജയന്റെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ സതീശൻ മറുപടിയുമായെത്തി. ലക്ഷണമൊത്തെ ആര്.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ബന്ധമുണ്ടായിരുന്നു. 1977ല്‍ ആര്.എസ്.എസ് പിന്തുണയില്‍ മത്സരിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാർഥിയായിരുന്നു ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്‍.
അതേ കെ.ജി. മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്. പാലക്കാട്ട് സി.പി.എം സ്ഥാനാർഥി ശിവദാസ മേനോന്റെ പ്രചാരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയനെ സതീശൻ ഓർമിപ്പിച്ചു.


