ജോസ്.കെ മാണിയെക്കൊണ്ട് ലവ് ജിഹാദിനെക്കുറിച്ച് പറയിക്കുന്നത് പിണറായി വിജയൻ -എം.കെ. മുനീർ
text_fieldsകോഴിക്കോട്: ജോസ്.കെ മാണിയെക്കൊണ്ട് ലവ് ജിഹാദിനെക്കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ സൗഹൃദം തകർക്കാനുമാണിത്.
ബംഗാളിൽ മാത്രല്ല, കേരളത്തിലും സി.പി.എമ്മിന്‍റെ നിറം കാവിയാവുകയാണ്. കേരളത്തെ ഇല്ലാതാക്കാനാണ് സി.പി.എമ്മും ആർ.എസ്.എസും കൈകോർത്ത് പിടിക്കുന്നത്. ആർ.എസ്.എസ്-സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു.
ലവ് ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാർട്ടി അവ അഡ്രസ് ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത് മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ് കെ.മാണി പറഞ്ഞു. പിന്നീട് കേരളത്തിലെ ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അടിവരയിട്ട് സംസാരിച്ചു. 'ലവ് ജിഹാദ് പ്രശ്നം പരിശോധിക്കണം. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന് പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം.'-ജോസ് ചൂണ്ടിക്കാട്ടി.
ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപെടെ ജോസിന്‍റെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്നും ലവ് ജിഹാദ് വിഷയത്തിൽ തനിക്ക് ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ് മലക്കംമറിയുകയായിരുന്നു.