Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വിജയ’ വഴിയിൽ ജയം...

‘വിജയ’ വഴിയിൽ ജയം മാത്രം; ഇത് ഏഴാമങ്കം

text_fields
bookmark_border
‘വിജയ’ വഴിയിൽ ജയം മാത്രം; ഇത് ഏഴാമങ്കം
cancel

കണ്ണൂർ: ഔദ്യോഗിക രേഖകളാണ് ശരിയെങ്കിൽ പിണറായി വിജയന് നാളെ 82ാം പിറന്നാളാണ്. ധർമടത്തെ അങ്കക്കളരിയിൽ കേക്ക് ഒന്നുമില്ലെങ്കിലും ആശംസാപ്രവാഹം ഉറപ്പാണ്. പക്ഷേ, രേഖകളിലേതല്ല ശരിയെന്നും 1945 മേയ് 24 ആണ് യഥാർഥ ജനനതീയതി എന്നും പിണറായി തന്നെ തിരുത്തി. ഒന്നാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ തലേന്നാണ് രേഖകളിലെ ബദൽ ഇദ്ദേഹംതന്നെ അവതരിപ്പിച്ചത്. അങ്ങനെ, പിണറായിയുടെ ജനന തീയതി സംബന്ധിച്ച് അദ്ദേഹം പറയുന്നതൊന്നും രേഖകൾ മറ്റൊന്നുമായി തുടരുന്നു.

ക്യാപ്റ്റനായി മുന്നണിയെ നയിക്കുന്ന പിണറായിയാണ് ഇക്കുറി ആദ്യം പത്രിക സമർപ്പിച്ചതും. ധർമടത്ത് ഏഴാമങ്കത്തിനായി പിണറായി വിജയൻ ചൊവ്വാഴ്ചയാണ് ജന്മനാട്ടിലെത്തിയത്. മട്ടന്നൂർ വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ. രണ്ടാം ദിവസം മുതൽ മണ്ഡലത്തിൽ വോട്ടുപിടിത്തം.

പോരാട്ട വഴിയിൽ ജയമല്ലാതെ ഒന്നും കണ്ടില്ലെന്നാണ് പിണറായി വിജയന്റെ കരിയർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്ന് 24ാം വയസ്സിൽ സി.പി.എം ജില്ല കമ്മിറ്റിയിലെത്തി, 26ാം വയസ്സിൽ എം.എൽ.എയായി ദീർഘകാലം സംസ്ഥാനത്തെ പാർട്ടി നയിച്ചതുപോലുള്ള നിയോഗം. കൂത്തുപറമ്പിൽ 1970ലായിരുന്നു പിണറായിയുടെ കന്നിയങ്കം. തായത്ത് രാഘവനോട് 743 വോട്ടിനായിരുന്നു വിജയം. 1977ലും 1991ലും കൂത്തുപറമ്പിൽനിന്ന് വീണ്ടും ജയം. 1996ൽ പയ്യന്നൂരിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ നാലാം ജയം.

അന്നത്തെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. 1998ൽ ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി. 1998 സെപ്റ്റംബർ മുതൽ 2015 മാർച്ച് ഒന്നുവരെ 17 വർഷത്തോളം സംസ്ഥാന സെക്രട്ടറിയായി. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം 2016ൽ ധർമടത്ത് മത്സരിച്ച് മുഖ്യമന്ത്രിയായി. 2021ൽ ധർമടത്ത് മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ. അരലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം ആവർത്തിക്കാനും ധർമടത്തും സർക്കാറിനും ഹാട്രിക്കും ലക്ഷ്യമിട്ടാണ് പിണറായിയുടെ ഏഴാമങ്കം. ഇത്തവണയും ഭൂരിപക്ഷത്തിൽ മാത്രമാണ് അദ്ദേഹത്തിനും പാർട്ടിക്കും സംശയമുള്ളൂ.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് മുഖ്യമന്ത്രിക്കെതിരെ പോരിനിറങ്ങിയത്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ എം.വി. ഗോവിന്ദനെതിരെ മത്സരിച്ച് ഭൂരിപക്ഷം പകുതിയായി കുറക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. തളിപ്പറമ്പിൽ വീണ്ടും മത്സരിക്കാൻ സജ്ജമായി നിൽക്കെയാണ് ടി.കെ. ഗോവിന്ദൻ സി.പി.എം വിട്ട് സ്ഥാനാർഥിയാവുമെന്ന് പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ യു.ഡി.എഫ് പിന്തുണക്കാനും തീരുമാനിച്ചതോടെയാണ് 36കാരനായ റഷീദ് മുഖ്യമന്ത്രിയെ നേരിടാൻ ധർമടത്തേക്ക് മാറിയത്.

Show Full Article
TAGS:Pinarayi Vijayan chief minister Latest News news 
News Summary - pinarayi vijyan birthday
Next Story