പാർട്ടി എന്നാൽ പിണറായി; അരക്കിട്ടുറപ്പിച്ച് കൊല്ലം സമ്മേളനം
text_fieldsകൊല്ലം: തുറന്ന ജീപ്പിൽ വഴിനീളെ ആൾക്കൂട്ടത്തിന്റെ വലിയ ആരവം ഏറ്റുവാങ്ങിയാണ് പിണറായി വിജയൻ ആശ്രാമം മൈതാനിയിലെ പൊതുസമ്മേളന വേദിയിൽ വന്നിറങ്ങിയത്. റെഡ് വളന്റിയർമാർ അകമ്പടി സേവിച്ച യാത്രയെ പിണറായി വിജയൻ എന്ന പാർട്ടിയിൽ അജയ്യനായ നേതാവിന്റെ ‘വിക്ടറി പരേഡ്’ എന്നുതന്നെ വിശേഷിപ്പിക്കാം. കൊല്ലം സമ്മേളനം അടിമുടി ‘പിണറായി ഷോ’ ആയിരുന്നു. സി.പി.എമ്മിന്റെ ക്യാപ്റ്റൻ, കപ്പിത്താൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഇതിനകം സ്വന്തമാക്കിയ പിണറായി വിജയൻ, പാർട്ടിയുടെ ഭാവി നായകനും താൻതന്നെയെന്ന് ഉറപ്പിച്ചാണ് കൊല്ലത്തുനിന്ന് മടങ്ങിയത്.
എട്ടുവർഷമായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വിമർശനവും സ്വയംവിമർശനവും സംഘടനാ ശൈലിയായി സ്വീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ഭരണം കൈയാളുന്ന നേതാക്കൾ വിചാരണ ചെയ്യപ്പെടുക സ്വാഭാവികമാണ്. എന്നാൽ, പിണറായിയുടെ കാര്യത്തിൽ ഒന്നുമുണ്ടായില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ പാർട്ടിയാണ് സി.പി.എം. പരാജയകാരണങ്ങളിൽ മുഖ്യമന്ത്രിയുടെ ഏകാധിപത്യശൈലിയും കാരണമെന്ന് പാർട്ടി കമ്മിറ്റികളിൽ ആക്ഷേപമുയർന്നതുമാണ്. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനം ഇഴകീറി പരിശോധിക്കുന്ന സമ്മേളന ചർച്ചയിൽ സ്വാഭാവികമായും ലോക്സഭ തോൽവിയും കാരണങ്ങളും കടന്നുവരേണ്ടതാണ്. എന്നാൽ, കൊല്ലത്ത് അതൊന്നും ചർച്ചയായില്ല.
മാത്രമല്ല, പിണറായി മുന്നോട്ടുവെച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖക്കായിരുന്നു പ്രാധാന്യം. സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ രേഖയെക്കുറിച്ച് പെരുമ്പറ കൊട്ടി നേതാക്കൾ രംഗം കൊഴുപ്പിച്ചു. ആദ്യദിനംതന്നെ അവതരിപ്പിച്ച പുതുവഴി രേഖയാണ് പ്രവർത്തന റിപ്പോർട്ടിനേക്കാൾ വാർത്തകളിൽ ഇടംപിടിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, സർക്കാർ സേവനങ്ങൾക്ക് ആളുകളുടെ വരുമാനം അനുസരിച്ച് വ്യത്യസ്ത ഫീസ് / സെസ് എന്നിങ്ങനെ ഇടതുനയങ്ങളിൽനിന്ന് മാറിയുള്ള നിർദേശങ്ങളാണ് പുതുവഴിരേഖയിൽ പിണറായി മുന്നോട്ടുവെച്ചത്. എന്നാൽ, സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഒരാൾപോലും കാര്യമായ എതിർപ്പ് ഉയർത്തിയില്ല. പിണറായി പറഞ്ഞത് അപ്പടി അംഗീകരിച്ച് രേഖ പാസാക്കിയാണ് സമ്മേളനം പിരിഞ്ഞത്.
എം.വി. ഗോവിന്ദൻ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും പിണറായിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്. സർക്കാറിന്റെ എല്ലാ തീരുമാനങ്ങൾക്കും കണ്ണടച്ച് പിന്തുണ പ്രഖ്യാപിക്കുന്ന എം. ഗോവിന്ദൻ പിണറായിക്ക് പ്രിയപ്പെട്ടവനാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കരിമണൽ കോഴ ആരോപണം പാർട്ടിയെ ഇറക്കി പ്രതിരോധിച്ച നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയതാണ്. പാർട്ടി കീഴ് വഴക്കത്തിനുവിരുദ്ധമായ അത്തരം പ്രവണതകൾ സമ്മേളനത്തിൽ ഒരാൾപോലും ചൂണ്ടിക്കാട്ടിയില്ല. പിണറായിക്കുമുന്നിൽ കാര്യങ്ങൾ തുറന്നുപറയാൻ പാർട്ടിയിൽ ആരുമില്ലെന്നത് കൊല്ലത്ത് ഒരിക്കൽക്കൂടി വ്യക്തമായി.
നീണ്ട 17 വർഷം പാർട്ടിയെ നയിച്ചാണ് പിണറായി മുഖ്യമന്ത്രി പദമേറിയത്. കമ്യൂണിസ്റ്റ് വിപ്ലവ നക്ഷത്രം വി.എസ്. അച്യുതാനന്ദനുമായി നേർക്കുനേർ പോരടിച്ചാണ് പിണറായി പാർട്ടിയിൽ പിടിമുറുക്കിയത്. ക്ഷമയോടെ കാത്തിരുന്ന്, വെല്ലുവിളികൾ സധൈര്യം ഏറ്റെടുത്ത്, ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്മാറാൻ ഒരുക്കമല്ലാത്ത, അതിനായി ആസൂത്രണത്തോടെ കരുക്കൾനീക്കുന്ന ശൈലിയാണ് പിണറായിക്ക് വിജയങ്ങൾ സമ്മാനിക്കുന്നത്. പ്രതിരോധത്തിലാകുമ്പോൾ മൗനം പാലിച്ചും അവസരം വന്നാലുടൻ കടന്നാക്രമിച്ചും മുന്നേറുന്ന പിണറായി ശൈലി ഒരു പരിധിയോളം ഏകാധിപത്യത്തിന്റേതുകൂടിയാണ്.
പാർട്ടിയും ഭരണവും ഒരുപോലെ കൈപ്പിടിയിലൊതുക്കാൻ ഈ 79കാരന് കഴിയുന്നതും അതുകൊണ്ടുതന്നെ. മൂന്നാം ഭരണത്തുടർച്ചയിലേക്ക് പാർട്ടിയെ പുതുവഴിയിലേക്ക് നടത്തുന്ന പിണറായി വിജയൻ, തൊഴിലാളി പാര്ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽനിന്ന് നവഉദാരീകരണ നയങ്ങളിലേക്ക് പാർട്ടിയെ നയിക്കുന്നതിനും കൊല്ലം സമ്മേളനത്തിൽ തുടക്കമിട്ടു.