പാഞ്ചാംഗം നോക്കിയല്ല എ.കെ.ജി സെന്‍റർ ഉദ്ഘാടനം വെച്ചത്: ഗവേഷണബുദ്ധിക്ക് നമസ്കാരമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാർട്ടി ഓഫിസ് ഉദ്ഘാടന ദിവസം പഞ്ചാംഗം നോക്കി കണ്ടുപിടിച്ചതാണെന്ന് പറഞ്ഞ ഗവേഷണ ബുദ്ധിക്ക് മുന്നിൽ നിരന്തരം നമസ്കാരങ്ങൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. ലോകപുസ്തക ദിനവവും വില്യം ഷേക്സ്പിയർ മരിച്ച ദിവസവും പെരളം രക്തസാക്ഷി ദിനവുമാണ് ഏപ്രിൽ 23. എന്നാൽ ഇതൊന്നുമല്ല, ഉദ്ഘാടനത്തിന് ഏതാണ് സൗകര്യമെന്നതേ നോക്കിയുള്ളൂ. അങ്ങനെയാണ് 23 നിശ്ചയിച്ചത്. അതിനെയാണ് ഏതോ മൂലയ്ക്ക് പഞ്ചാംഗം നോക്കി കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചത്. വല്ലാത്ത ദശാസന്ധിയിലാണ് പാർട്ടിയിപ്പോൾ. സി.പി.എമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാൻ പല വഴിയിൽ ശ്രമം നടക്കുകയാണെന്നും എ.കെ.ജി സെന്‍റർ ഉദ്ഘാടനചടങ്ങിൽ അദ്ദേഹം പറഞ്ഞു.
വിവിധ കാലങ്ങളിൽ ഇടത് സർക്കാറുകൾ നാടിന്‍റെ പുരോഗതിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ തകർക്കുന്ന സമീപനമാണ് പിന്നീട് വന്ന മറ്റ് സർക്കാറുകൾ ചെയ്തത്. ഓരോ അഞ്ചുവർഷവും അധികാരത്തിലെത്തിയ ഇടത് സർക്കാറിന്റെ ആദ്യവർഷങ്ങൾ ഇത്തരത്തിൽ തകർന്ന കേരളത്തെ തിരിച്ചുപിടിക്കുക എന്നുള്ളതായിരുന്നു. അപ്പോഴേക്കും ആദ്യ രണ്ട് വർഷങ്ങൾ നഷ്ടപ്പെടും.
പിന്നീടുള്ള മൂന്ന് വർഷമാണ് സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കാൻ ലഭിക്കുന്നത്. ഇതാണ് 2016 വരെ നടന്നത്. അഞ്ചുവർഷം നടന്നതിനെ തകർക്കാനുള്ള തുടർച്ചയല്ല ഇവിടെ നടന്നത്. വികസന തുടർച്ചകളെ നിലനിർത്തുകയായിരുന്നു. ദുരന്തഘട്ടങ്ങളിലെ സഹായം ഔദാര്യമല്ല. ഇത്തരം സഹായങ്ങൾക്ക് ഏഴുതപ്പെട്ട വ്യവസ്ഥകളുള്ള ഭരണഘടയുണ്ടായിട്ടും നമുക്ക് മാത്രം സഹായമുണ്ടായില്ല.
ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു പ്രതിപക്ഷത്തിന്. ക്ഷേമ പെൻഷൻ കൃത്യമായി കിട്ടിയ ജനങ്ങളോട് ചെമ്പിൽ ബിരിയാണിയാണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.പി.എമ്മിന് പുതിയ ആസ്ഥാനം: എ.കെ.ജി സെന്‍റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.എമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസായ ‘എ.കെ.ജി സെന്‍റർ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചുവപ്പിന്‍റെ പ്രവാഹത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള പുതിയ ഓഫിസിനു മുന്നിൽ ആദ്യ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങൾ, ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കൾ, മറ്റ് പാർട്ടി നേതാക്കൾ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
തുടർന്ന്, എ.കെ.ജി ഹാളിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാത്തരത്തിലും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കുമെല്ലാം അഭിമാനിക്കാൻ കഴിയുന്ന സങ്കേതമായി പുതിയ ആസ്ഥാന മന്ദിരം നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് കേവലമായ ഒരു കെട്ടിടമല്ലെന്നും വർത്തമാന കാലഘട്ടത്തിൽ നവ കേരളത്തെ സൃഷ്ടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ആശയ രാഷ്ട്രീയത്തിന്റെ ഉത്ഭവകേന്ദ്രം കൂടിയാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.