Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഹരമേറ്റത്...

പ്രഹരമേറ്റത് പിണറായിക്ക്; പിടിച്ചുലച്ചത് ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തെ...

text_fields
bookmark_border
പ്രഹരമേറ്റത് പിണറായിക്ക്; പിടിച്ചുലച്ചത് ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തെ...
cancel

ഫൈനൽ പോരാട്ടം അടുത്തിരിക്കേ, സന്നാഹ മത്സരത്തിലേറ്റ ഈ തിരിച്ചടി കനത്തതാണ്. ആത്മവിശ്വാസത്തോടെ, തങ്ങളുടെ ഏറ്റവും മികച്ച പടയാളിയെ തന്നെ കളത്തിലിറക്കിയിട്ടും വലിയ മാർജിനിൽ തോൽക്കേണ്ടിവന്നത് നാണക്കേടു മാത്രമല്ല, അപരിഹാര്യമായ പരിക്കുകളും കൂടിയാണ് ടീമിന്റെ കെട്ടുറപ്പിനേൽപിക്കുന്നത്. അതുകൊണ്ടുതന്നെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വൻ തോൽവി അടു​ത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയത്തിലേക്കെന്ന ഇടതു പ്ര​ചാരണ തന്ത്രങ്ങളുടെ മുനയൊടിക്കുന്നതാണ്.

നിലമ്പൂരിൽ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമ്പോൾ അത് ഭരണത്തിനെതിരായ സുവ്യക്തമായ വിധിയെഴുത്താണ്. അതിലുപരി, സർക്കാറിനെ നയിക്കുന്ന പിണറായി വിജയനെതിരായ ജനരോഷമാണ് ഈ വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും വിലയിരുത്തപ്പെടുന്നു. മുമ്പ് നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വമ്പൻ വിജയങ്ങൾ ​നേടിയത് തങ്ങളുടെ സീറ്റുകൾ നിലനിർത്താനായിരുന്നെങ്കിൽ നിലമ്പൂർ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.


ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം മാത്രമല്ല, പി.വി. അൻവർ നേടിയ 19,760 വോട്ടും പിണറായിക്കും അദ്ദേഹം നയിക്കുന്ന ഭരണത്തിനുമെതിരായ വിധിയെഴുത്തിന്റെ സാക്ഷ്യമാണ്. പിണറായിസ​ത്തിനെതിരായ പോരാട്ടമെന്ന് ടാഗ് ലൈനിട്ടാണ് അൻവർ തെരഞ്ഞെടുപ്പിന്റെ ഗോദയിലിറങ്ങിയത്. പിണറായിക്കെതിരെ കടുത്ത ആരോപണങ്ങളും അതൃപ്തിയുമായി അൻവർ മുന്നണിവിട്ടതിന്റെ പരിണിത ഫലം കൂടിയായിരുന്നു നിലമ്പൂർ തെരഞ്ഞെടുപ്പ്.

സ്വാഭാവികമായും അൻവർ ഉയർത്തിയ ആരോപണങ്ങളും അതിനെച്ചൊല്ലിയുയർന്ന വിവാദങ്ങളുമാണ് മണ്ഡലത്തിൽ പ്രചാരണത്തിൽ നിറഞ്ഞുനിന്നത്. അതിലൊക്കെയും കേ​ന്ദ്രബിന്ദുവായത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയും. വിവാദ അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ യു.ഡി.എഫ് ആയുധമാക്കിയതിനു പുറമെ എം.വി. ഗോവിന്ദന്റെ പ്രസ്താവനകളും ഇടതിനേറ്റ തിരിച്ചടിക്ക് ആക്കംകൂട്ടി. പിണറായിയുടെയും സർക്കാറിന്റെയും പല നിലപാടുകളെയും ആക്രമിച്ച് യു.ഡി.എഫും അൻവറും നടത്തിയ പ്രചാരണത്തെയാണ് ജനം കൂടു​തൽ ഗൗരവത്തിലെടുത്തതെന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ചൂണ്ടുപലകയാവും.

സമരങ്ങളെയും എതിരഭിപ്രായങ്ങളെയും പരിഹസിക്കുകയും അടിച്ചിരുത്തുകയും ചെയ്യുന്ന പിണറായി സർക്കാറിന്റെ ധാർഷ്ട്യത്തിനെതിരായ പ്രതിഷേധമാണ് നിലമ്പൂരിൽ കണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആദിവാസി ഭൂപ്രശ്നം മുതൽ ആശാവർക്കർമാരുടെ സമരം വരെ സാധാരണ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ചത് ഭരണവിരുദ്ധ വികാരത്തിന് ആക്കംകൂട്ടി. സമരത്തെ അവഗണിച്ച സർക്കാറിന് ജനം വോട്ട് നൽകിയില്ലെന്നും ധാർഷ്ട്യത്തിറ്റേ തിരിച്ചടിയെന്നുമാണ് ആശാ വർക്കർമാരുടെ സമരസമിതി നേതാവ് മിനി തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.

സി.പി.എമ്മിൽ വ്യക്തിപ്രഭാവവും പൊതുസ്വീകാര്യതയും ഏറെയുള്ള എം. സ്വരാജിനെ സ്ഥാനാർഥിയായി നിലമ്പൂരെത്തിക്കുമ്പോൾ ഇടതു​മുന്നണിക്ക് പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ, സ്വന്തം ബൂത്തിൽ പോലും 40 വോട്ടിന് പിന്നിട്ടുനിൽക്കേണ്ട ദുർവിധിയാണ് സ്വരാജിനെ കാത്തിരുന്നത്. ഇടതുമുന്നണിയെ പിന്തുണക്കുന്ന സാംസ്കാരിക നായകരെയടക്കം നിലമ്പൂരങ്ങാടിയിൽ ഒന്നിച്ചണിനിരത്തിയതുൾപ്പെടെ മണ്ഡലത്തിലുടനീളം കൊണ്ടുപിടിച്ച പ്രചാരണം നടത്തി കളംപിടിക്കാനുള്ള ശ്രമങ്ങളെല്ലാം ഭരണവിരുദ്ധ വികാരത്തിൽ തട്ടി നിഷ്ഫലമായി. പിണറായി വിജയനെ ധീരനായകനും രക്ഷകനുമായി അവതരിപ്പിക്കുന്ന പഴയരീതികൾ വിലപ്പോവുന്നില്ലെന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിനും പാലക്കാടിനും പിന്നാലെ നിലമ്പൂരും തെളിയിക്കുകയാണ്.

‘തുടർച്ചയായ മൂന്നാംവട്ടവും എൽ.ഡി.എഫ്’ എന്ന മുദ്രാവാക്യവുമായി 2026 തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നതിനിടയിലാണ് നിലമ്പൂരിലെ തിരിച്ചടി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലും പാർട്ടിയുടെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിച്ചേക്കും.

Show Full Article
TAGS:Pinarayi Vijayan Nilambur By Election 2025 Aryadan Shoukath UDF LDF 
News Summary - Pinarayi Vijayan suffered a blow; LDF's confidence shaken
Next Story